അന്നു കപൂറിന്റെ സ്ത്രീവിരുദ്ധ പരാമർശം കാര്യമാക്കുന്നില്ല; ശ്രദ്ധ ജോലിയിൽ മാത്രം: തമന്ന ഭാട്ടിയ
ഇത്തരം കാര്യങ്ങൾക്ക് നമ്മൾ പ്രാധാന്യം നൽകാൻ തുടങ്ങിയാൽ ജീവിതത്തിൽ മുന്നോട്ടുപോകാൻ കഴിഞ്ഞെന്നുവരില്ല.
അന്നു കപൂറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ.തമന്ന ഭാട്ടിയയുടെ ശരീരത്തെക്കുറിച്ച് മുതിർന്ന നടൻ അന്നു കപൂർ നടത്തിയ ‘ദൂധിയ ബദൻ’ പരാമർശം വിവാദമായിരുന്നു. എന്നാൽ ഇത്തരം പരാമർശങ്ങൾക്ക് പ്രാധാന്യം നൽകാതെ തന്റെ അഭിനയത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് നടി വ്യക്തമാക്കി.
എൻഡിടിവി പ്രോഫിറ്റ് ഇഗ്നൈറ്റ് 2026 പരിപാടിയിൽ സംസാരിക്കവെയാണ് തമന്നയുടെ പ്രതികരണം. ഒരു ക്രിയേറ്റീവ് വ്യക്തിയെന്ന നിലയിൽ കേൾക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും എന്നാൽ കേൾക്കുന്ന കാര്യങ്ങളിൽ എന്ത് സ്വീകരിക്കണം, എന്ത് അവഗണിക്കണം എന്ന് തിരിച്ചറിയണമെന്നും തമന്ന പറഞ്ഞു.
“ഇത്തരം കാര്യങ്ങൾക്ക് നമ്മൾ പ്രാധാന്യം നൽകാൻ തുടങ്ങിയാൽ ജീവിതത്തിൽ മുന്നോട്ടുപോകാൻ കഴിഞ്ഞെന്നുവരില്ല. ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. എന്റെ ജോലിയിലാണ് ഇപ്പോൾ ശ്രദ്ധ” തമന്ന പറഞ്ഞു.
തന്റെ തൊഴിൽ വെറുമൊരു കരിയർ എന്നതിലുപരി സേവനമായാണ് കാണുന്നതെന്നും നടി വ്യക്തമാക്കി. ആത്മാർഥമായ ഉദ്ദേശ്യത്തോടെ ചെയ്യുന്ന ജോലിയായതിനാലാകാം അത് ആളുകളിലേക്ക് എത്തുന്നതെന്നും തമന്ന കൂട്ടിച്ചേർത്തു.
എന്താണ് അന്നു കപൂറിന്റെ പരാമർശം?
2025 ഒക്ടോബറിൽ യൂട്യൂബർ ശുഭാങ്കർ മിശ്രയുടെ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിവാദത്തിന് തുടക്കമായത്. സ്ത്രീ 2 എന്ന ചിത്രത്തിലെ ‘ആജ് കി രാത്’ ഗാനത്തിൽ തമന്ന നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ട അന്നു കപൂർ, “ ക്യാ ദൂധിയ ബദൻ ഹേ” എന്നായിരുന്നു പ്രതികരിച്ചത്. വെളുത്ത നിറമുള്ള ശരീരം എന്ന അർഥത്തിലാണ് ഹിന്ദിയിലെ ഈ പ്രയോഗം ഉപയോഗിച്ചത്.
പരാമർശം തമന്നയെ ശരീരസൗന്ദര്യത്തിലേക്ക് മാത്രമായി ചുരുക്കുന്നതാണെന്നും സ്ത്രീവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നു. പിന്നീട് തന്റെ പരാമർശത്തെക്കുറിച്ച് വിശദീകരിച്ച അന്നു കപൂർ, തമന്നയുടെ പാട്ടും രൂപവും കുട്ടികൾക്ക് നല്ല ഉറക്കം നൽകുന്നുവെങ്കിൽ അത് രാജ്യത്തിന് അനുഗ്രഹമാണെന്ന തരത്തിലും പ്രതികരിച്ചിരുന്നു.അതേസമയം, തന്റെ വാക്കുകൾ തമന്നയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.