'മഹാനടിക്ക് ശേഷം ആറ് മാസം സിനിമയൊന്നും കിട്ടിയില്ല, സാമ്പത്തികമായി തളർന്നു': കീർത്തി സുരേഷ്
തന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശങ്കയിലായെന്നും താരം പറയുന്നു
സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് കീർത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ താരം, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലും പ്രേക്ഷകർക്ക് മുമ്പിലെത്തി. എന്നാൽ മഹാനടി എന്ന ചിത്രത്തിന് ശേഷം ആറ് മാസത്തോളം സിനിമകളൊന്നുമില്ലാതെ താൻ വെറുതെ വീട്ടിലിരുന്നുവെന്നും അത് സാമ്പത്തികമായി ഏറെ തളർത്തിയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
മഹാനടിയിലെ പ്രകടനം കണ്ടശേഷം ഏതുതരം വേഷങ്ങളാണ് തനിക്ക് നൽകേണ്ടതെന്ന കാര്യത്തിൽ സിനിമാ നിർമ്മാതാക്കൾക്ക് സംശയമുണ്ടായതിനാലാവും അന്ന് സിനിമകൾ തന്നെ തേടിയെത്താത്തതെന്നും താരം പറയുന്നു. മഹാനടിക്ക് മുമ്പ് പ്രധാനമായും കൊമേഴ്‌സ്യൽ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരുന്നത്. പ്രകടന പ്രാധാന്യമുള്ള ചിത്രങ്ങളൊന്നും ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ലെന്നും താരം പറയുന്നു.
എന്നാൽ, ഇടവേള തന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശങ്കയിലായെന്നും പക്ഷേ കുറച്ച് വർഷങ്ങളായി തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നതിനാൽ ആ സമയത്തൊരു ബ്രേക്ക് വേണമെന്ന് ശരിക്കും തോന്നിയിരുന്നെന്നും താരം പറയുന്നു. ശരീരത്തെ ആരോഗ്യത്തോടെ കാക്കാൻ ഈ സമയം താൻ ഉപയോഗിച്ചെന്നും 2013 മുതൽ 2018 വരെ ആരോഗ്യത്തെക്കുറിച്ചോ ഉറക്കം, ഭക്ഷണം എന്നിവയെക്കുറിച്ചൊന്നും ശ്രദ്ധിച്ചില്ലെന്നും താരം തുറന്നുപറയുന്നു.
രാധിക ആപ്തെയ്ക്കൊപ്പം അഭിനയിക്കുന്ന അക്ക എന്ന സീരീസാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.