ആദ്യ സംരംഭം തകർന്നു; സ്വന്തം രോഗാവസ്ഥയിൽ നിന്ന് സാമന്ത പടുത്തുയർത്തിയത് 120 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം!

വെറും എട്ട് മാസത്തിനുള്ളിൽ എട്ട് മടങ്ങ് വളർച്ചയാണ് ബിസിനസ് സംരംഭം കൈവരിച്ചത്

Update: 2026-10-29 11:13 GMT

മുംബൈ:  ജീവിതത്തിലെ കടുത്ത ആരോഗ്യപ്രതിസന്ധിയെയും കരിയറിലെ ആദ്യ ബിസിനസ്സ് പരാജയത്തെയും മറികടന്ന് വ്യവസായ ലോകത്ത് വൻ വിജയവുമായി നടി സാമന്ത റൂത്ത് പ്രഭു. സാമന്ത സഹസ്ഥാപകയായ വെൽനസ്-പെർഫ്യൂം ബ്രാൻഡായ 'സീക്രട്ട് ആൽക്കെമിസ്റ്റ്' 120 കോടി രൂപയുടെ വരുമാനമെന്ന നാഴികക്കല്ല് പിന്നിട്ടു. വെറും എട്ട് മാസത്തിനുള്ളിൽ എട്ട് മടങ്ങ് വളർച്ചയാണ് ഈ ക്ലീൻ-ഫ്രാഗ്രൻസ് സംരംഭം കൈവരിച്ചത്.

മയോസൈറ്റിസ് ബാധിച്ചതിനെത്തുടർന്ന് കടുത്ത ശാരീരിക അസ്വസ്ഥതകളിലൂടെ കടന്നുപോയ കാലത്താണ് സാധാരണ പെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്ന അമിത രാസവസ്തുക്കളെക്കുറിച്ച് സാമന്ത കൂടുതൽ ബോധവതിയാകുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഏകദേശം രണ്ട് വർഷത്തോളമാണ് താരത്തിന് പെർഫ്യൂം ഉപയോഗം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നത്.

Advertising
Advertising

രാസവസ്തുക്കൾ ഒഴിവാക്കുന്നതിനൊപ്പം സുഗന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഫോർമുലേഷനാണ് ബ്രാൻഡിനെ ചുരുങ്ങിയ കാലം കൊണ്ട് വിപണിയിൽ മുന്നിലെത്തിച്ചത്.‘വിജയമല്ല, പരാജയങ്ങളാണ് എന്നെ വളർത്തിയത്’തന്റെ ആദ്യ ബിസിനസ്സ് പങ്കാളിത്തം പരാജയമായിരുന്നുവെന്ന് സാമന്ത തുറന്നുപറഞ്ഞു. ‘ആദ്യ സംരംഭം പരാജയപ്പെട്ടത് ഒരർത്ഥത്തിൽ നല്ലതിനായിരുന്നു. വിജയത്തേക്കാൾ കൂടുതൽ കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ പരാജയമാണ്. ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നത് ഒരൊറ്റ ദിവസം കൊണ്ടല്ല, ഒരുപാട് തെറ്റുകളും നിരാശകളും നേരിട്ട ശേഷമാണ് ഇന്നത്തെ ഈ വിജയത്തിലെത്തിയത്, സാമന്ത വ്യക്തമാക്കി.

അടുത്തിടെ സാമന്ത നിർമ്മിച്ച് പ്രധാന വേഷത്തിലെത്തിയ 'മാ ഇൻടി ബംഗാരം' ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. സിനിമയ്ക്ക് പിന്നാലെ ബിസിനസ്സ് രംഗത്തും 120 കോടിയുടെ നേട്ടം കൊയ്തതോടെ ഇരട്ട വിജയത്തിന്റെ തിളക്കത്തിലാണ് താരം.   നേരത്തെ സാമന്ത തുടക്കം കുറിച്ച 'സാകി' എന്ന ഫാഷൻ വസ്ത്ര ബ്രാൻഡ് വിപണിയിൽ പ്രതീക്ഷിച്ചത്ര വിജയകരമായിരുന്നില്ല. 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News