സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ താഴ്ന്നനിരക്കില്‍

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും യുഎസില്‍ പണപ്പെരുപ്പം ശക്തിപ്പെടുന്നതുമാണ് സ്വര്‍ണവിപണിക്ക് തിരിച്ചടിയാകുന്നത്

Update: 2026-10-30 05:12 GMT

കൊച്ചി: സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിരക്കില്‍. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13040 രൂപയായി കുറഞ്ഞു. പവന്റെ വില 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്.

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും യുഎസില്‍ പണപ്പെരുപ്പം ശക്തിപ്പെടുന്നതുമാണ് സ്വര്‍ണവിപണിക്ക് തിരിച്ചടിയാകുന്നത്. ഇതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയും ശക്തമായി. ഡിസംബറില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത വിപണി വിലയിരുത്തുന്നതിനിടെ ഔണ്‍സിന് 4,000 ഡോളര്‍ എന്ന നിര്‍ണായക നിലവാരത്തിന് താഴേക്കും സ്വര്‍ണവില എത്തി.

Advertising
Advertising

വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,997.39 ഡോളറിലെത്തി. ഡിസംബറില്‍ വിതരണം ചെയ്യേണ്ട യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 0.6 ശതമാനം കുറഞ്ഞ് 4,007.80 ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടാം മാസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും സ്വര്‍ണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഹൂതികള്‍ സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ ശക്തമാക്കിയതോടെ എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചു. ഇതാണ് എണ്ണവില ഉയരാന്‍ കാരണമായത്.

തുടര്‍ച്ചയായ നാലാം മാസവും എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്താനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനയ്ക്കുള്ള സാധ്യതയും വിപണിയിലുണ്ട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News