ബാങ്കില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം ?
ബാങ്കില്‍ പരാതി നല്‍കിയിട്ടും 30 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കിലോ ലഭിച്ച മറുപടിയില്‍ തൃപ്തിയില്ലെങ്കിലോ റിസര്‍വ് ബാങ്കിന്റെ ഓംബുഡ്‌സ്മാന്‍ സംവിധാനത്തെ സമീപിക്കാം
ന്യൂഡല്‍ഹി: ബാങ്കില്‍ നിക്ഷേപിച്ച പണം അറിയാതെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായാല്‍ എന്തുചെയ്യും? വര്‍ഷങ്ങളായി സമ്പാദിച്ച പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമായാല്‍ ആരെയാണ് സമീപിക്കേണ്ടത്? ഗ്രേറ്റര്‍ നോയിഡയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ ഉയര്‍ന്ന 35 കോടി രൂപയുടെ തട്ടിപ്പ് ആരോപണം വീണ്ടും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.
ഗ്രേറ്റര്‍ നോയിഡയിലെ ഐച്ചാര്‍ ഗ്രാമത്തിലുള്ള പിഎന്‍ബി ശാഖയിലെ ഉപഭോക്താക്കളുടെ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നും സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുമായി ഏകദേശം 35 കോടി രൂപ നഷ്ടമായെന്നാണ് ആരോപണം. പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഇടപാടുകളെക്കുറിച്ച് ബാങ്കില്‍ നിന്ന് സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.
സംഭവത്തില്‍ അഞ്ച് ജീവനക്കാരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ശാഖാ മാനേജരും ഇതില്‍ ഉള്‍പ്പെടുന്നു. ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഉപഭോക്താക്കളുടെ യഥാര്‍ഥ നഷ്ടം എത്രയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ചില ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അവസാനിപ്പിച്ച് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതി. 10 ലക്ഷം രൂപ മുതല്‍ 1.2 കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിച്ചുവരികയാണെന്നും അര്‍ഹമായ എല്ലാ ക്ലെയിമുകളും പരിഗണിക്കുമെന്നും പിഎന്‍ബി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 30-ലെ റിപ്പോര്‍ട്ട് പ്രകാരം 43 ലക്ഷം രൂപയുടെ മൂന്ന് ക്ലെയിമുകള്‍ ബാങ്ക് ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. മറ്റ് പരാതികളും പരിശോധിച്ചുവരികയാണ്.
അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായാല്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍
ബാങ്കിങ് തട്ടിപ്പുകള്‍ പല രൂപത്തിലാണ് നടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയും വ്യാജ സന്ദേശങ്ങളിലൂടെയും മാത്രമല്ല, ബാങ്കിങ് സംവിധാനത്തിലെ ദുരുപയോഗം വഴിയും ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടാം. അക്കൗണ്ടില്‍ അനധികൃത ഇടപാട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടിയെടുക്കുകയാണ് പ്രധാനം. ബാങ്ക്ബസാര്‍ സിഇഒ ആദില്‍ ഷെട്ടി നിര്‍ദേശിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഇവയാണ്.
1. ഉടന്‍ ബാങ്കിനെ അറിയിക്കുക
അക്കൗണ്ടില്‍ സംശയാസ്പദമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം ബാങ്കിനെ ബന്ധപ്പെടണം. ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പര്‍, ബാങ്കിന്റെ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ നേരിട്ടുള്ള ശാഖാ സന്ദര്‍ശനം എന്നിവ വഴി പരാതി അറിയിക്കാം. ആവശ്യമെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ താല്‍ക്കാലികമായി തടയാനും ആവശ്യപ്പെടണം. കൂടുതല്‍ പണം നഷ്ടപ്പെടുന്നത് തടയുകയാണ് ആദ്യ ലക്ഷ്യം.
2. രേഖാമൂലം പരാതി നല്‍കുക
ഫോണിലൂടെ പരാതി അറിയിച്ചതുകൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തിയാകില്ല. ബാങ്കില്‍ ഔദ്യോഗികമായി പരാതി നല്‍കുകയും അതിന്റെ റഫറന്‍സ് നമ്പര്‍ കൈപ്പറ്റുകയും വേണം. സംശയാസ്പദമായ ഇടപാടിന്റെ തീയതി, തുക, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി നല്‍കിയതിന്റെ രേഖയും ബാങ്കിന്റെ മറുപടിയും സൂക്ഷിക്കുകയും വേണം.
3. സൈബര്‍ തട്ടിപ്പാണെങ്കില്‍ 1930-ല്‍ വിളിക്കുക
ഓണ്‍ലൈന്‍ ബാങ്കിങ്, യുപിഐ, കാര്‍ഡ് ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പാണ് സംശയിക്കുന്നതെങ്കില്‍ ഉടന്‍ ദേശീയ സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930-ല്‍ ബന്ധപ്പെടണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പരാതി നല്‍കാം. ഇടപാട് ഐഡി, തുക, തീയതി, ബാങ്ക് വിവരങ്ങള്‍ എന്നിവ കൈവശം കരുതണം. വേഗത്തില്‍ പരാതി നല്‍കുന്നത് പണം തുടര്‍ ഇടപാടുകളിലൂടെ കൈമാറുന്നത് തടയാന്‍ സഹായിച്ചേക്കാം. എന്നാല്‍ പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല.
4. എല്ലാ തെളിവുകളും സൂക്ഷിക്കുക
ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ഇടപാട് സന്ദേശങ്ങള്‍, ഇ-മെയിലുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, ബാങ്കില്‍ നല്‍കിയ പരാതിയുടെ രേഖകള്‍ എന്നിവ സൂക്ഷിക്കണം. ബാങ്കുമായി നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തണം. തുടര്‍നടപടികള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനും ഈ രേഖകള്‍ സഹായകമാകും.
5. ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കുക
ബാങ്കില്‍ പരാതി നല്‍കിയിട്ടും 30 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കിലോ ലഭിച്ച മറുപടിയില്‍ തൃപ്തിയില്ലെങ്കിലോ റിസര്‍വ് ബാങ്കിന്റെ ഓംബുഡ്‌സ്മാന്‍ സംവിധാനത്തെ സമീപിക്കാം. ആര്‍ബിഐയുടെ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം (CMS) വഴി പരാതി നല്‍കാം. ഇതിനായി ബാങ്കില്‍ ആദ്യം നല്‍കിയ പരാതിയുടെ രേഖകളും ബാങ്കിന്റെ മറുപടിയും മറ്റ് തെളിവുകളും കൈവശം സൂക്ഷിക്കണം.
ബാങ്കിങ് ഇടപാടുകളിലെ അനധികൃത ഇലക്ട്രോണിക് ഇടപാടുകള്‍ സംബന്ധിച്ച് ആര്‍ബിഐ പ്രത്യേക ഉപഭോക്തൃ ബാധ്യതാ ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ ബാങ്കില്‍ നിന്ന് ഇടപാട് വിവരം ലഭിച്ചശേഷം മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ പരാതി നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് സീറോ ലയബിലിറ്റി ലഭിക്കാം. എന്നാല്‍ എല്ലാ തട്ടിപ്പുകള്‍ക്കും ഇത് ബാധകമല്ല. ഉപഭോക്താവിന്റെ അശ്രദ്ധ മൂലമുണ്ടാകുന്ന നഷ്ടങ്ങളില്‍ ബാധ്യത വ്യത്യസ്തമായിരിക്കും.