'ടാറ്റയെ തകര്‍ത്തു'; മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍
ഇന്ത്യന്‍ ബിസിനസിനെ മോദിയും അമിത് ഷായും കളിപ്പാട്ടമാക്കിയെന്നും രാഹുല്‍
ന്യൂഡല്‍ഹി: ടാറ്റയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ടാറ്റയെ നിഷ്ഠൂരമായി തകര്‍ക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ടാറ്റയെ നിഷ്ഠൂരമായി തകര്‍ത്തു. എന്നാല്‍, ഒരു ബിസിനസ് ലീഡറും ഇതിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ നിശബ്ദരായി ഇരിക്കും. ഇത്തരമൊരു അവസ്ഥ നിങ്ങള്‍ക്കും വരുന്നത് വരെയോ. ഇന്ത്യന്‍ ബിസിനസ് മോദിയുടേയും അമിത് ഷായുടേയും കളിപ്പാട്ടമല്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ ധൈര്യമില്ലായിരിക്കാം. ഞങ്ങള്‍ക്ക് ആ പ്രശ്‌നമില്ല. ഞങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ നീതി ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ടാറ്റയിലെ തര്‍ക്കങ്ങള്‍ ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നത്. നോയല്‍ ടാറ്റയുടെ എതിര്‍പ്പിനിടയിലും ടാറ്റ സണ്‍സിന്റെ ബോര്‍ഡ് എന്‍.ചന്ദ്രശേഖരനെ ചെയര്‍മാനായി നിയോഗിച്ചിരുന്നു. ചന്ദ്രശേഖരന്റെ നിയമനത്തില്‍ ദിവസങ്ങള്‍ക്കും മുമ്പും നോയല്‍ ടാറ്റ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.