ആറാട്ടിന് ശേഷം മാസ് ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍; നായകന്‍ മമ്മൂട്ടി?

മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍, ബിജു മേനോന്‍, സിദ്ദീഖ് എന്നിവരും പുതിയ ചിത്രത്തില്‍ അണിനിരക്കും

Update: 2022-04-18 11:49 GMT
Editor : ijas
Advertising

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ആറാട്ട് സിനിമക്ക് ശേഷം മാസ് ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മാസ് ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറാട്ടിന്‍റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയായിരിക്കും പുതിയ സിനിമയുടെയും തിരക്കഥ ഒരുക്കുക. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയമായിരിക്കും സംസാരിക്കുക. മെയ്, ജൂണ്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. കേരളവും ബെംഗളൂരുവും ആയിരിക്കും പുതിയ ചിത്രത്തിന്‍റെ ലൊക്കേഷന്‍. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍, ബിജു മേനോന്‍, സിദ്ദീഖ് എന്നിവരും പുതിയ ചിത്രത്തില്‍ അണിനിരക്കും. ആറാട്ട് സിനിമ പുറത്തിറങ്ങിയ സമയത്ത് തന്നെ മമ്മൂട്ടിയോടൊത്ത് സിനിമ ചെയ്യാനുള്ള ആഗ്രഹം ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.

2010ല്‍ പുറത്തിറങ്ങിയ പ്രമാണിയാണ് മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ അവസാന ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്‍റ് വിശ്വനാഥ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസില്‍, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സ്നേഹ, പ്രഭു, സിദ്ദീഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബി ഉണ്ണികൃഷ്ണന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം ആറാട്ടിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ലോക പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍ റഹ്‍മാന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തിയിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

B Unnikrishnan with Mass Thriller after Aarattu; Mammootty the hero?

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News