'തിയറ്ററുകളില്‍ ബേക്കറി തുറക്കണം, പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും കേക്ക് മുറിക്കുന്നു'; നിര്‍മാതാവ് രഞ്ജിത്ത്

ഓരോ മൂന്ന് മാസത്തിനുള്ളിലും സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ വെളിപ്പെടുത്തിയുള്ള ധവളപത്രം നിര്‍മാതാക്കളുടെ സംഘടന പുറത്തിറക്കും

Update: 2023-04-26 07:07 GMT
Editor : ijas | By : Web Desk
Advertising

മലയാളത്തില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും കേക്ക് മുറിക്കുന്നതായും എല്ലാ തിയറ്ററുകളിലും ബേക്കറി തുറക്കണമെന്നും നിര്‍മാതാവ് എം രഞ്ജിത്ത്. ഒരു ഷോ പോലും നടക്കാത്ത സിനിമകള്‍ക്ക് പോലും കേക്ക് മുറിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ക്കറ്റില്ലാത്ത ചെറിയ ആളുകള്‍ അഹങ്കാരത്തോടെ പെറുമാറിയാല്‍ സിനിമ നിലനില്‍ക്കില്ല. മാര്‍ക്കറ്റുള്ളവര്‍ വലിയ കാശ് വാങ്ങിയാല്‍ പ്രശ്നമില്ല, മാര്‍ക്കറ്റില്ലാത്തവര്‍ വലിയ കാശ് ചോദിക്കുന്നതെന്തിനാണ്. പത്ത് ലക്ഷം പോലും അഭിനയിച്ച സിനിമക്ക് തികച്ചും കലക്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ ഇവിടെ ഒരു കോടി വാങ്ങുന്നതായും രഞ്ജിത്ത് ആരോപിച്ചു.

ഓരോ മൂന്ന് മാസത്തിനുള്ളിലും സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ വെളിപ്പെടുത്തിയുള്ള ധവളപത്രം നിര്‍മാതാക്കളുടെ സംഘടന പുറത്തിറക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. ലഹരി മരുന്നിന്‍റെ എളുപ്പത്തിലുള്ള ലഭ്യതക്ക് വേണ്ടി പല സിനിമകളും ചിത്രീകരണം കാസര്‍കോട്ടേക്ക് മാറ്റുന്നതായും രഞ്ജിത്ത് ആരോപിച്ചു.

മയക്കുമരുന്നിന് അടിമകളായ നിരവധി പേര്‍ സിനിമയിലുണ്ടെന്ന് കഴിഞ്ഞ ദിവസം സിനിമാ സംഘടനകള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായും സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറുമെന്നും സിനിമാ വ്യവസായം നന്നാവാന്‍ വേണ്ടിയാണിത് ചെയ്യുന്നതെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, അമ്മ സെക്രട്ടറി ഇടവേള ബാബു, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രഞ്ജിത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News