പരാതിയുമായി ഷെയിന്‍ നിഗം വീണ്ടും; ബര്‍മുഡ ട്രെയിലര്‍ വീഡിയോ

പലതവണ റിലീസ് മാറ്റിവെച്ച ചിത്രം നവംബര്‍ 11ന് റിലീസ് ചെയ്യും

Update: 2022-10-29 13:54 GMT
Editor : ijas

ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ബർമുഡ' യുടെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്. ഷെയിന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക പരാതിയുമായി സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഇന്ദുഗോപന്‍ എത്തുന്നതും തുടര്‍ന്നുനടക്കുന്ന രസകരമായ കാര്യങ്ങളുമാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'കാണാതായതിന്‍റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയെ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കും. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഏറ്റവുമൊടുവില്‍ നവംബര്‍ 11ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Advertising
Advertising
Full View

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയിന്‍ ​നി​ഗത്തിന്‍റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും 'ബർമുഡ'ക്കുണ്ട്. ടി.കെ. രാജീവ് കുമാർ ചിത്രമായ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം മോഹൻലാൽ പാടിയിരുന്നു. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News