'ആദ്യം തീരുമാനിച്ചത് ഒ.ടി.ടി റിലീസ്, ആ നിമിഷമാണ് ഭീഷ്മപര്‍വ്വം തിയറ്റര്‍ റിലീസ് ഉറപ്പിച്ചത്'; സുഷിന്‍ ശ്യാം

"അതുവരെ ഒ.ടി.ടിയെന്നൊക്കെ പറഞ്ഞിട്ട് പുള്ളി എണീറ്റ് നിന്ന് തിയറ്റര്‍ ഉറപ്പിച്ചെന്ന് പറഞ്ഞു"

Update: 2022-10-30 10:28 GMT
Editor : ijas

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത 'ഭീഷ്മപര്‍വ്വം' ആദ്യം ഒ.ടി.ടി റിലീസായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. എത്ര നന്നായാലും സാധാരണ ഭംഗി വാക്കുകളൊന്നും പറയാത്ത അമല്‍ നീരദ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ചേര്‍ത്തുള്ള 'ഭീഷ്മപര്‍വ്വ'ത്തിന്‍റെ അവസാന റീല്‍ കണ്ടുതീര്‍ത്തയുടനെ സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് തിയറ്റര്‍ റിലീസ് ഉറപ്പിക്കുകയായിരുന്നുവെന്ന് സുഷിന്‍ ശ്യാം പറയുന്നു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ 'ഭീഷ്മപര്‍വ്വ'ത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച അനുഭവം തുറന്നുപറഞ്ഞത്.

Advertising
Advertising

സുഷിന്‍ ശ്യാമിന്‍റെ വാക്കുകള്‍:

ഭീഷ്മപര്‍വ്വത്തിന്‍റെ കാര്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം അമലേട്ടന്‍ അങ്ങനെ ഒരുപാട് നമ്മളെ പൊക്കിയടിക്കുവൊന്നുമില്ല. "നീ തന്നെയെന്നെ" എന്ന് പറയുന്നത് അമലേട്ടന്‍ വളരെ കുറവാണ്. അമലേട്ടന് അത്ര ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം ഒരു തമ്പ്സ് അപ്പും പൊളിച്ചു എന്ന വാക്കും വായില്‍ നിന്നും വരാന്‍ തന്നെ വലിയ പാടാണ്. അങ്ങനെയൊരാള്‍ എന്നോട് ലാസ്റ്റ് റീല് വരെ കണ്ട് കറക്ഷനൊന്നുമില്ലായെന്ന് പറഞ്ഞപ്പോള്‍ കൈയ്യിന്ന് പോയി. അപ്പോള്‍ പുള്ളിക്ക് ആ പരിപാടി ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അതുവരെ ഒ.ടി.ടിയെന്നൊക്കെ പറഞ്ഞിട്ട് പുള്ളി എണീറ്റ് നിന്ന് തിയറ്റര്‍ ഉറപ്പിച്ചെന്ന് പറഞ്ഞു. പുള്ളി അന്ന് തീരുമാനിച്ച പോലെയാണ്. എനിക്ക് ഭയങ്കര എക്സൈറ്റ്മെന്‍റായിരുന്നു ആ മൊമന്‍റ്. പുള്ളിനെ ഞാന്‍ എക്സൈറ്റഡാക്കിയെന്നതില്‍. പിന്നെ എനിക്ക് ആത്മവിശ്വാസം കൂടി. പ്രൊഡക്ട് കുറച്ചു കൂടി മുകളിലോട്ട് കൊണ്ടുപോയിട്ടുണ്ടെന്ന ഐഡിയ കിട്ടിയപ്പോള്‍ ഹാപ്പിയായിരുന്നു. 

2022 മാർച്ച് മൂന്നിനാണ് 'ഭീഷ്മപര്‍വ്വം' തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കഥാപാത്രത്തിന്‍റെ "ചാമ്പിക്കോ..." എന്ന ഡയലോ​ഗ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് 'ഭീഷ്മപർവ്വ'ത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. തിയറ്റര്‍ റിലീസിന് ശേഷം ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഒ.ടി.ടി റിലീസായും പുറത്തുവന്നിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News