ബ്ലെസി കഴിവുള്ള സംവിധായകൻ, ആടുജീവിതം 2 ൽ ഞാനുമുണ്ടാകും; ചിയാൻ വിക്രം

നേരത്തെ ആടുജീവിതത്തിലേക്ക് ചിയാനെ ആയിരുന്നു ആദ്യം പരി​ഗണിച്ചതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു

Update: 2023-04-21 04:54 GMT

കൊച്ചി: മലയാളത്തിന്റെ അഭിമാന ചിത്രങ്ങളിൽ ഒന്നാണ് ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം. പ്രേക്ഷകകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ചിയാൻ വിക്രം.

കൊച്ചിയിൽ വിക്രമിന്റെ പുതിയ ചിത്രമായ പൊന്നിയൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ പ്രെമോഷൻ പരിപാടികൾക്ക് എത്തിയപ്പോഴായിരുന്നു ആടുജീവിതത്തെ കുറിച്ചും സംവിധായകൻ ബ്ലെസിയെ കുറിച്ചും താരം വാചാലനായത്.

ബ്ലെസി കഴിവുള്ള സംവിധായകനാണെന്നും ആടുജീവിതം രണ്ടാം ഭാ​ഗത്തിൽ താനുമുണ്ടാകുമെന്നുമായിരുന്നു ചിയാന്റെ പ്രതികരണം. ചിത്രത്തിൽ ആട് ആയിട്ടായിരിക്കും താൻ എത്തുകയെന്നും തമാശയായി ചിയാൻ പറഞ്ഞു.

Advertising
Advertising

നേരത്തെ ആടുജീവിതത്തിലേക്ക് ചിയാനെ ആയിരുന്നു ആദ്യം പരി​ഗണിച്ചതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്നാണ് കൊച്ചിയിലെത്തിയ താരത്തിനോട് ആടുജീവിതം ട്രെയ്‌ലർ കണ്ടപ്പോൾ എന്തുതോന്നി എന്ന് യൂട്യൂബ് പേജുകൾ ചോദ്യവുമായി എത്തിയത്.

'വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങൾ വന്നതുകൊണ്ട് നടന്നില്ല. പാർട്ട് ടുവിൽ ഞാനുണ്ടാവും. ഞാൻ ആടായിട്ട് വരും,' എന്നായിരുന്നു ചിയാന്റെ മറുപടി.

ആർ.എസ്. വിമൽ സംവിധാനം ചെയ്യാനിരുന്ന കർണൻ ഇപ്പോഴും ചർച്ചകളിലുണ്ടെന്നും വിക്രം പറഞ്ഞു. ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിൽ എത്തുന്നത്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലെത്തിയ പൊന്നിയിൻ സെൽവൻറെ ഒന്നാം ഭാഗം സെപ്തംബർ 30നാണ് റിലീസിനെത്തിയത്. ഏറ്റവും വേഗത്തിൽ തമിഴ്‌നാട്ടിൽ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് ചിത്രം സ്വന്തമാക്കിയിരുന്നു.

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ഐശ്വര്യ റായി, വിക്രം, കാർത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴ് നോവലിനെ ആധാരമാക്കിയാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളാക്കിയാണ് ചിത്രമൊരുക്കിയത്. ഒന്നാം ഭാഗത്തിന് ലഭിച്ച വരവേൽപ്പ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.

ഓസ്കാർ പുരസ്കാര ജേതാവായ എ.ആർ റഹ്‍മാൻ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News