താടിയും മുടിയുമൊതുക്കി കുറച്ചു കൂടി നല്ല വസ്ത്രം ധരിച്ചു വരാമായിരുന്നു; വാരിസ് ഓഡിയോ ലോഞ്ചിനെത്തിയ ദളപതിയെ വിമര്‍ശിച്ച് ജെയിംസ് വസന്തന്‍

വിജയിന്‍റെ വസ്ത്രധാരണം തനിക്കിഷ്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജെയിംസ്

Update: 2023-01-03 08:30 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: ദളപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിലെ രഞ്ജിതമേ എന്ന പാട്ടിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഈയിടെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന വാരിസിന്‍റെ ഓഡിയോ ലോഞ്ച് വലിയ ശ്രദ്ധ നേടിയിരുന്നു. ചടങ്ങില്‍ വച്ച് വിജയ് പറഞ്ഞ വാക്കുകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ലോഞ്ചിനെത്തിയ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ജെയിംസ് വസന്തന്‍. വിജയിന്‍റെ വസ്ത്രധാരണം തനിക്കിഷ്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജെയിംസ്.

Advertising
Advertising

"വേദിയിൽ വിജയ്‌യെ കണ്ടപ്പോൾ തന്നെ എനിക്ക് അസ്വസ്ഥത തോന്നി.പരിപാടിയിലെത്തുന്നതിനു മുന്‍പ് അദ്ദേഹത്തിന് തന്‍റെ താടിയും മുടിയുമൊക്കെ ഒതുക്കി വൃത്തിയായി വരാമായിരുന്നു. ചടങ്ങിന് അനുയോജ്യമായ വസ്ത്രമെങ്കിലും ധരിക്കാമായിരുന്നു. ഇത് ലാളിത്യത്തിന്‍റെ ലക്ഷണമാണെന്ന് അദ്ദേഹം കരുതിയിരിക്കാം അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ ആരാധകർ അത്തരമൊരു വാദം ഉന്നയിച്ചേക്കാം.പക്ഷേ, ലാളിത്യവും ഔചിത്യവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്'' അവതാരകന്‍ കൂടിയായ ജെയിംസ് ഫേസ്ബുക്കില്‍ കുറിച്ചു.

പച്ച നിറത്തിലുള്ള ഷര്‍ട്ടും ഓഫ് വൈറ്റ് പാന്‍റ്സും ധരിച്ചാണ് വിജയ് ഓഡിയോ ലോഞ്ചിനെത്തിയത്. വിജയ്‌യുടെ വസ്ത്രധാരണം ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. ''നമ്മള്‍ ജോലിക്കായി ഇന്‍റര്‍വ്യൂവിന് പോകുമ്പോള്‍ എന്തുകൊണ്ടാണ് നമ്മൾ വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത്? ഓരോ സ്ഥലത്തിനും അതിന്റേതായ ഡ്രസ് കോഡ് ഉണ്ട്. വിജയ്‌യെപ്പോലുള്ള ഒരു സൂപ്പർസ്റ്റാറിന് തന്‍റെ ആരാധകരുടെ മനസിൽ ഏറ്റവും ശക്തമായ മതിപ്പുണ്ടാക്കാന്‍ കഴിയും. സ്ഥലത്തിനും അവസരത്തിനും അനുസരിച്ചുള്ള വസ്ത്രധാരണം താരങ്ങൾ തങ്ങളുടെ യുവ പ്രേക്ഷകരെ പരോക്ഷമായി പഠിപ്പിക്കേണ്ട ഒന്നാണ്'' ജെയിംസ് കുറിച്ചു.

വംശി പെടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് നായിക. ജയസുധ,ശ്യാം,പ്രഭു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പൊങ്കല്‍ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Full View  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News