'ദളപതിക്കുവേണ്ടി ഒരു കഥ കയ്യിലുണ്ട്... ഗംഭീര തിരിച്ചുവരവാകും'; സിനിമാ മോഹവുമായി ഇന്ത്യൻ സ്പിന്നർ

നിലവിൽ മൂന്ന് സ്ക്രിപ്റ്റുകൾ പൂർത്തിയായെന്നാണ് വരുണ്‍ ചക്രവർത്തി പറയുന്നത്.

Update: 2024-07-23 14:10 GMT

തന്റെ സിനിമാ മോഹങ്ങൾ തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ വരുണ്‍ ചക്രവർത്തി. ദളപതി വിജയ്ക്ക് വേണ്ടി ഒരു കഥ തന്റെ കയ്യിലുണ്ടെന്നാണ് താരം പറയുന്നത്. അദ്ദേഹം അത് ചെയ്യാൻ തയ്യാറാണെങ്കിൽ നൽകാമെന്നും ഗംഭീര തിരിച്ചുവരവിന് അവസരമാകുമെന്നുമാണ് വരുണിന്റെ വാക്കുകൾ. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ചാനലിലെ ചർച്ചക്കിടയിലാണ് വരുണ്‍ തന്റെ സ്വപ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 

'ജീവിതത്തിൽ ഇപ്പോഴും എനിക്ക് മൂന്നുനാല് ലക്ഷ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് സിനിമയാണ്. എനിക്ക് കഥകളുണ്ടാക്കാനും കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും സൃഷ്ടിക്കാനും ഒരുപാട് ഇഷ്ടമാണ്. നിലവില്‍ മൂന്ന് കഥകള്‍ എഴുതിയിട്ടുണ്ട്. തിരക്കഥയും സംഭാഷണങ്ങളുമെല്ലാം എഴുതി പൂര്‍ത്തിയായ സ്‌ക്രിപ്റ്റുകളാണിവ. വിജയ്ക്ക് വേണ്ടിയും ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്. അദ്ദേഹം അത് ചെയ്യാൻ തയ്യാറാണെങ്കിൽ ഗംഭീര തിരിച്ചുവരവിന് അവസരമാകും'- എന്നാണ് വരുണ്‍ വ്യക്തമാക്കുന്നത്. 

സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിനാൽ സിനിമാ കരിയറിൽ നിന്ന് വിരമിക്കുന്നതായി ഈ വർഷമാദ്യമാണ് വിജയ് പ്രഖ്യാപിച്ചത്. 'തമിഴക വെട്രി കഴകം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും വിജയ് രൂപീകരിച്ചിട്ടുണ്ട്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് ആണ് വിജയിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News