മികച്ച വില്ലനുള്ള ദാദസാഹേബ് ഫാല്‍ക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം ദുൽഖർ സൽമാന്

ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി താരമാണ് ദുൽഖർ

Update: 2023-02-21 09:00 GMT
Editor : Lissy P | By : Web Desk
Advertising

 മികച്ച വില്ലനുള്ള ദാദസാഹേബ് ഫാല്‍ക്കെ  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ചുപ്പ്' എന്ന സിനിമയിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്‌കാരം. മലയാളത്തിൽ നിന്ന് ആദ്യമായി ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കുന്ന നടനാണ് ദുൽഖർ.

സൈക്കോ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റിൽ നെഗറ്റീവ് റോളിലുള്ള നായകനായാണ് ദുൽഖർ അഭിനയിച്ചത്. ഡാനി എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബൽകി സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണിഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  ദുൽഖറിന്റെ ആദ്യ  ഹിന്ദി അവാർഡ് കൂടിയാണിത്. പുരസ്കാരം സ്വന്തമാക്കിയ സന്തോഷം ദുല്‍ഖറും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

'ഹിന്ദിയില്‍ നിന്നുള്ള എന്റെ ആദ്യത്തെ അവാർഡ്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബല്‍ക്കി സാറിനോടാണ്. എന്നെ ഡാനിയായി തെരഞ്ഞെടുത്തതിന്, ക്ഷമയോടെ മാര്‍ഗദര്‍ശിയായതിന്  അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു...' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദാദാസാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രൺബീർ കപൂറും മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും നേടി. ഗംഗുബായ് കത്യവാഡിയിലെ അഭിനയത്തിനാണ് ആലിയ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.



ബ്രഹ്‌മാസ്ത്രയിലെ പ്രകടത്തിനാണ് രൺബീറിന് പുരസ്‌കാരം ലഭിച്ചത്. ഭേദിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് വരുൺ ധവാൻ നേടി. മികച്ച ചിത്രത്തിനുള്ള അവാർഡ് ദി കശ്മീർ ഫയൽസിനും ലഭിച്ചു. ആർ.ആർ.ആറാണ് ഫിലിം ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News