'മമ്മൂട്ടിയല്ല ആരുപറഞ്ഞാലും വിലക്കും'; ശ്രീനാഥ് ഭാസിക്കെതിരായ വിലക്കില്‍ സുരേഷ്‍കുമാര്‍

വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും, മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല ആരു പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്ന് സുരേഷ്‍കുമാര്‍

Update: 2022-10-06 12:40 GMT
Editor : ijas
Advertising

നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാടിനെതിരെ പ്രതികരിച്ച മമ്മൂട്ടിക്കെതിരെ നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാര്‍. മമ്മൂട്ടിയല്ല ആരു പറഞ്ഞാലും നിര്‍മാതാക്കളുടെ അന്നം മുട്ടിക്കുന്നവന്‍റെ അന്നം തങ്ങള്‍ മുട്ടിക്കുക തന്നെ ചെയ്യുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. മലയാള സിനിമാ രംഗത്തിന് അതിന്‍റേതായ അന്തസ്സും അച്ചടക്കവുമുണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവര്‍ക്കും അന്നം ഊട്ടുന്നവനാണ് നിര്‍മാതാവ്. ആരായാലും ഇതു മനസ്സിലാക്കി പ്രതികരിക്കണമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്‍കുമാര്‍ മമ്മൂട്ടിയുടെ നിലപാടില്‍ ആഞ്ഞടിച്ചത്.

മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല ആരു പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നും സുരേഷ്‍കുമാര്‍ പറഞ്ഞു. ആരെയും പേടിയില്ലെന്നും പ്രതികരിക്കാന്‍ ഭയമോ മടിയോ ഇല്ലെന്നും സുരേഷ്‍കുമാര്‍ വ്യക്തമാക്കി. തിലകന്‍ ഉള്‍പ്പെടെയുള്ളവരെ താര സംഘടനയായ അമ്മ വിലക്കിയ സന്ദര്‍ഭത്തില്‍ അതു ചോദ്യം ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനയോ ഫിലിം ചേംബറോ ശ്രമിച്ചിട്ടില്ലെന്നും അത് അവരുടെ ആഭ്യന്തര കാര്യം എന്നു പറഞ്ഞു സംയമനം പാലിക്കുകയാണ് ചെയ്തതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഈ രീതിയില്‍ അന്തസ്സുള്ള നിലപാട് എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുത്താല്‍ ഇവര്‍ക്കെന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ലെന്നും സുരേഷ‍്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി പൂര്‍ണമായും കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചറിഞ്ഞ ശേഷം വേണം മമ്മൂട്ടിയെ പോലെ ഒരാള്‍ പ്രതികരിക്കാനെന്നും സുരേഷ്‍കുമാര്‍ പറഞ്ഞു. ശ്രീനാഥ് ഭാസി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നാലു സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അയാള്‍ നന്നാവാന്‍ വേണ്ടിയാണ് നടപടിയെടുക്കുന്നതെന്നും സുരേഷ്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റോഷാക്ക് സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടിയെ ശ്രീനാഥ് ഭാസിയെ പിന്തുണച്ച് രംഗത്തുവന്നത്. ഒരു നടനെയും വിലക്കാന്‍ പാടില്ലെന്നും തൊഴിൽനിഷേധം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിലവിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം മറ്റു ചിത്രങ്ങളൊന്നും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എത്ര കാലമാണ് വിലക്കെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News