'അമ്മ'യില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്നും അവരെ വേട്ടയാടുന്നതാവണം: ഹരീഷ് പേരടി

ആരോപണമുള്ളയാളുകള്‍ക്ക് സംഘടനയില്‍ മെമ്പര്‍ഷിപ്പ് കിട്ടിയാല്‍ ലഹരി ഉപയോഗം നിയമവിധേയമാകുമോയെന്നും ഹരീഷ് പേരടി

Update: 2023-07-01 07:20 GMT
Editor : vishnu ps | By : Web Desk
Advertising

അമ്മ താരസംഘടനയില്‍ നിന്നുള്ള തന്റെ ഇറങ്ങിപ്പോക്ക് എന്നും അവരെ വേട്ടയാടുന്നതാവണമന്ന് നടന്‍ ഹരീഷ് പേരടി. തനിക്ക് മുന്നേ ഇറങ്ങിപ്പോയ സഹോദരിമാരുടെ ഇറങ്ങിപ്പോക്കും വലിയൊരു സമരത്തിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു സംഘടനയുടെ ഐ.ഡി കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ വിശാലമായ കലാലോകത്ത് പ്രവര്‍ത്തിക്കാന്‍ പറ്റൂ എന്ന് പറയുന്നത് ഭയങ്കര മൂഢത്തരമാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പേരടി പറയുന്നു.

''അമ്മയില്‍ നിന്നുള്ള എന്റെ ഇറങ്ങിപ്പോക്ക് അവരെ എന്നും വേട്ടയാടണം. എനിക്ക് മുന്നേ ഇറങ്ങിപ്പോയ സഹോദരിമാരുണ്ട്. അവരുടെ ഇറങ്ങിപ്പോക്കും വലിയൊരു സമരത്തിന്റെ അടയാളങ്ങളാണ്. ഇറങ്ങിപ്പോയ ഞങ്ങള്‍ നാലഞ്ച് പേര്‍ക്ക് ഭാവിയില്‍ ഗുണമുണ്ടാവുമോ ഇല്ലയോ എന്നത് വിഷയമേ അല്ല. മറിച്ച് വരാനിരിക്കുന്ന തലമുറക്ക് ഈ ഇറങ്ങിപ്പോക്ക് എന്നും ഒരു വലിയ അടയാളമായിട്ട് ഈ സംഘടനയിലുണ്ടാവണം.

ഏതെങ്കിലും ഒരു സംഘടനയുടെ ഐ.ഡി കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ വിശാലമായ കലാലോകത്ത് പ്രവര്‍ത്തിക്കാന്‍ പറ്റൂ എന്ന് പറയുന്നത് ഭയങ്കര മൂഢത്തരമാണ്. അത് ഏത് സംഘടന പറഞ്ഞാലും നമ്പര്‍ വണ്‍ ഫൂളിഷ്‌നെസാണ്. അതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. സംഘടനയില്‍ അംഗത്വം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ എന്റെ കയ്യില്‍ കാര്‍ഡൊക്കെയുണ്ട് അത് അമ്മയുടെ അല്ല, സൗത്ത് ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിക്കാവുന്ന നടികര്‍ സംഘത്തിലെ അംഗമാണ് ഞാന്‍. അത് ഇതുപോലെ ചാരിറ്റി സംഘടനയൊന്നുമല്ല, അസ്സല്‍ തൊഴിലാളി സംഘടനയാണ്. വരുന്നവരയൊക്കെ പിടിച്ച് അംഗങ്ങളാക്കിയാല്‍ എങ്ങനെ പുതുമുഖങ്ങള്‍ കടന്നുവരും.

ഒരു നടിയുടെയോ നടന്റെയോ വ്യക്തിപരമായ കാര്യങ്ങളില്‍ സംഘടന എങ്ങനെ ഉത്തരവാദിത്തം ഏറ്റെടുക്കും. ഒരിക്കലും സാധിക്കില്ല, അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപണമുള്ള ആളുകള്‍ സംഘടനയില്‍ മെമ്പര്‍ഷിപ്പിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഘടനയില്‍ മെമ്പര്‍ഷിപ്പ് കിട്ടിയാല്‍ ഇവരുടെ ലഹരി ഉപയോഗം നിയമവിധേയമാകുമോ എന്നാണ് ചോദ്യം'' ഹരീഷ് പേരടി പറഞ്ഞു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News