'കുഞ്ഞാലിക്ക് ഹരീഷിന്‍റെ മുഖമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല'; 'ഓളവും തീരവും' വില്ലനാവാന്‍ ഒരുങ്ങി ഹരീഷ് പേരടി

തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായരെ വീട്ടില്‍ പോയി സന്ദര്‍ശിച്ചതിന്‍റെ വിശേഷവും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നുണ്ട്

Update: 2022-06-29 10:29 GMT
Editor : ijas
Advertising

1970ല്‍ പി.എന്‍ മേനോന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' സിനിമയുടെ പുനരാഖ്യാനത്തില്‍ വില്ലനായി ഹരീഷ് പേരടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലാണ് ഹരീഷ് പേരടി പ്രതിനായക വേഷത്തിലെത്തുന്നത്. ജോസ് പ്രകാശ് ആയിരുന്നു പഴയ 'ഓളവും തീരവും' സിനിമയില്‍ കുഞ്ഞാലിയെ അവതരിപ്പിച്ചിരുന്നത്. ആ വേഷത്തിലേക്കാണ് ഹരീഷ് പേരടി വരുന്നത്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

ജോസ് പ്രകാശ് ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് എന്‍റെ മനസ്സിൽ ഹരീഷിന്‍റെ മുഖമാണെന്ന് പ്രിയദര്‍ശന്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഉറങ്ങിയില്ലെന്നും ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങനെ ഉറങ്ങുമെന്നും ഹരീഷ് പേരടി ആഹ്ളാദത്തോടെ ഫേസ്ബുക്കില്‍ കുറിച്ചു. ജോസ് പ്രകാശിന്‍റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ഹരീഷ്, മകന്‍ രാജനെയും സന്ദര്‍ശിച്ചു. തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായരെ വീട്ടില്‍ പോയി സന്ദര്‍ശിച്ചതിന്‍റെ വിശേഷവും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നുണ്ട്. അധികം സംസാരിക്കാത്ത എം.ടി സാർ ഇന്ന് എന്നോട് പതിവിൽ കവിഞ്ഞ് സജീവമായപ്പോൾ അത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമായി എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് പേരടി എഴുതിയിരിക്കുന്നത്. എം.ടി സാറിന്‍റെ ഭാഷയിൽ പറഞ്ഞാൽ "കുടുക്കില്ലാത്ത ട്രൗസറിൽ വാഴനാര് കൂട്ടി ക്കെട്ടി" അഭിനയത്തിന്‍റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്ക്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാൻ, എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Full View

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

1969-മലയാള സിനിമയെ പൂർണ്ണമായും സ്‌റ്റുഡിയോയിൽ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും P.N.മേനോൻസാറിന്റെയും ഓളവും തീരവും ഇറങ്ങിയ വർഷം...ഈ പാവം ഞാൻ ജനിച്ച വർഷം...53 വർഷങ്ങൾക്കുശേഷം പ്രിയൻ സാർ ആ സിനിമ പുനർനിർമ്മിക്കുകയാണ് ...മധുസാർ ചെയ്ത ബാപ്പുട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ പരകായപ്രവേശം ചെയ്യുന്നു...ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് "എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന് "പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല...ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങും...അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങൾ മാത്രമല്ല..കഥാപാത്രത്തിന്‍റെ മനസ്സിലേക്ക് കുടിയേറാൻ ചില ആത്മിയ സഞ്ചാരങ്ങൾ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്..ഇന്ന്‌ നേരെ ജോസ് പ്രകാശ്സാറിന്റെ മകൻ രാജേട്ടനെയും(ഈ ഫോട്ടോയിൽ കാണുന്ന ആൾ) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുവാദം വാങ്ങി...അനുഗ്രഹം വാങ്ങി...ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്‍റെ വീട്ടിലെത്തി..കഥാപാത്രത്തിന്‍റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി...അധികം സംസാരിക്കാത്ത എം.ടി സാർ ഇന്ന് എന്നോട് പതിവിൽ കവിഞ്ഞ് സജീവമായപ്പോൾ അത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമായി...എം.ടി സാറിന്‍റെ ഭാഷയിൽ പറഞ്ഞാൽ "കുടുക്കില്ലാത്ത ട്രൗസറിൽ വാഴനാര് കൂട്ടി ക്കെട്ടി" അഭിനയത്തിന്‍റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്ക്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാൻ...പ്രാർത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് ....ഹരീഷ് പേരടി

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News