ന്യൂയോർക്ക്: ലോകത്തിലെ സുപ്രധാന ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നടന്മാരാണ് ഷാരൂഖും പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോശാഞ്ചും.
കറുത്ത സബ്യസാച്ചി വസ്ത്രത്തിൽ പതിവു പോലെ അങ്ങേയറ്റം സ്റ്റൈലിഷ് ആയി തന്നെയാണ് കിങ് ഖാൻ എത്തിയത്. സബ്യസാച്ചിയുടെ തന്നെ നിരവധി ആഭരണങ്ങൾക്ക് പുറമെ കെ എന്നെഴുതിയ ലോക്കറ്റും താരം ധരിച്ചിരുന്നു. സ്‌റ്റൈൽ സ്റ്റേറ്റ്മെന്റായി കൈയിലൊരു വാക്കിംഗ് സ്റ്റിക്കും കരുതിയിരുന്നു ഷാരൂഖ്.
ഷാരൂഖിനെയും ദിലിജിതിനെയും കൂടാതെ പ്രിയങ്ക ചോപ്ര ജോനാസ്, കിയാര അദ്വാനി, തുടങ്ങിയവരും 2025 മെറ്റ് ഗാലയിൽ പങ്കെടുത്തിരുന്നു. മെറ്റ് ഗാലയിൽ ടർബൻ ധരിച്ചെത്തുന്ന ആദ്യത്തെ കലാകാരനാണ് ദിൽജിത്. പരമ്പരാഗത പഞ്ചാബി വേഷവിധാനത്തിലാണ് ദിൽജിത് പരിപാടിക്കെത്തിയത്.
ഇതിനിടെ പരിപാടിയിൽ പാശ്ചാത്യ മാധ്യമങ്ങളുടെ സമീപനം വിമർശമേറെ വിളിച്ചുവരുത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന പരിപാടിയിൽ ഷാരൂഖിനെ കാണാൻ ലോകമെമ്പാടുമുള്ള ആരാധക വൃന്ദം കാത്തിരിക്കുമ്പോൾ പരിപാടി തൽസമയം സംപ്രേഷണം ചെയ്യുന്ന പാശ്ചാത്യ മാധ്യമങ്ങളിൽ ചിലർക്ക് ഷാരൂഖിനെ മനസിലായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് 'ഞാൻ ഷാരൂഖ്' എന്ന് പറഞ്ഞ് താരം സ്വയം പരിചയപ്പെടുത്തുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഇന്ത്യൻ സിനിമയിലെ പ്രസിദ്ധനായ അഭിനേതാവും ലോകത്തിലെ ധനികരായ അഭിനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനക്കാരനായി എസ്‌ക്വയർ മാസിക പ്രഖ്യാപിച്ച വ്യക്തിയുമാണ് ഷാരൂഖ്. അദ്ദേഹത്തിന്റെ ആഗോള ജനപ്രീതിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അറിവില്ലായ്മയാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഷാരൂഖിനോടുള്ള പെരുമാറ്റത്തെ അപലപിക്കുന്ന പോസ്റ്റുകളിൽ 'അനാദരവെന്നും' 'അപമാനിക്കുന്നത്' എന്നൊക്കെയാണ് ആരാധകർ കുറിച്ചത്.
ഫാഷൻ ലോകത്തിലെ ഏറ്റവും തിളക്കമുള്ള രാത്രികളിലൊന്നായ മെറ്റ് ഗാല എല്ലാ വർഷവും മേയിലെ ആദ്യ തിങ്കളാഴ്ചയാണ് നടത്താറുള്ളത്. മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ആർട്‌സ് കോസ്റ്റിയൂം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വാർഷിക ധനസമാഹരണ പരിപാടിയാണ് മെറ്റ് ഗാല. ന്യൂയോർക്കിൽ വെച്ച് നടക്കുന്ന പരിപാടിയിൽ 'സുപർഫൈൻ; ടൈലറിങ് ബ്ലാക്ക് സ്റ്റൈൽ' എന്ന പ്രമേയത്തിലാണ് ഇത്തവണ അതിഥികളെത്തിയത്