'മലയാള സിനിമയിൽ ഹാസ്യത്തിന്റെ നിലവാരം ഉയർത്തുന്നതിൽ ശ്രീനിവാസൻ വഹിച്ച പങ്ക് വളരെ വലുതാണ്'; ജഗദീഷ്
അശ്ലീല ചുവയുള്ള ഒരു സംഭാഷണം പോലും ശ്രീനിവാസന്‍ ജീവിതത്തിലെഴുതിയിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു
കൊച്ചി: മലയാള സിനിമയിൽ ഹാസ്യത്തിന്റെ നിലവാരം ഉയർത്തുന്നതിൽ ശ്രീനിവാസൻ വഹിച്ച പങ്ക് വളരെ വലുതാണെന്ന് നടന്‍ ജഗദീഷ്. ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അശ്ലീല ചുവയുള്ള ഒരു സംഭാഷണം പോലും ശ്രീനിവാസന്‍ ജീവിതത്തിലെഴുതിയിട്ടില്ല.എല്ലാം തലച്ചോറിന്‍റെ ഹാസ്യമാണ്.ഒരുപാട് വട്ടം വെട്ടി എഴുതിയാണ് കോമഡി സീന്‍ തയ്യാറാക്കാറുള്ളത്.കോമഡി സീന്‍ എഴുതാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും അദ്ദേഹം പറയാറുണ്ട്. എന്നാല്‍ ഇമോഷണല്‍ സീന്‍ അദ്ദേഹം ഹൃദയം കൊണ്ട് പെട്ടെന്ന് എഴുതാറുണ്ട്. സീന്‍ ഓര്‍ഡര്‍ എല്ലാം മനസില്‍ പതിപ്പിച്ചാണ് എഴുതാറുള്ളത്. സംസാരിക്കുന്ന സമയത്ത് പോലും ഇത്രയും ഹ്യൂമര്‍സെന്‍സുള്ള നടനെയോ തിരക്കഥാകൃത്തിനെയോ മലയാള സിനിമയില്‍ കണ്ടിട്ടില്ല..'ജഗദീഷ് ഓര്‍മ്മിച്ചു.
അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.
ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ , നടൻമാരായ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള ചലച്ചിത്ര - സാംസ്‌കാരിക ലോകത്തെ പ്രമുഖർ ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഇന്ന് തമിഴ് നടന്‍ സൂര്യ, നടന്മാരായ ജഗദീഷ്,ഗോകുൽ സുരേഷ്,ഇന്ദ്രന്‍സ്,പൃഥ്വിരാജ് സുകുമാരന്‍,നിവിന്‍ പോളി നടിമാരായ പാര്‍വതി,നമിത പ്രമോദ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍,രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശ്രീനിവാസന്‍റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ശ്രീനിവാസനെ അവസാനമായി കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്.