10 ലക്ഷം രൂപയുടെ ചികിത്സാ സഹായം; ഇന്ന് ബിന്ദു സന്തോഷത്തോടെ ഇരിക്കുന്നതിനു കാരണം മമ്മൂട്ടി, കുറിപ്പുമായി ജോസ് തെറ്റയില്‍

ബിന്ദുവിന്റെ ശസ്ത്രക്രിയയും ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്‍റെ ഓഫീസിന് നിർദ്ദേശം കൊടുത്ത മമ്മൂട്ടി

Update: 2023-12-18 07:16 GMT
Editor : Jaisy Thomas | By : Web Desk

ബിന്ദു

Advertising

മികച്ചൊരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് മമ്മൂട്ടി എന്ന കാര്യം മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ താരം ചെയ്യുന്നുണ്ട്. ഒരു പാവപ്പെട്ട കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യം പങ്കുവയ്ക്കുകയാണ് മുന്‍മന്ത്രി ജോസ് തെറ്റയില്‍. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനെക്കാൾ വലിയ മനുഷ്യസ്നേഹിയാണ് മമ്മൂട്ടിയെന്ന് തെറ്റയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോസ് തെറ്റയിലിന്‍റെ കുറിപ്പ്

*ഞാൻ അറിഞ്ഞ മമ്മൂട്ടി*

ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്.... ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവർ!!!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനെക്കാൾ വലിയ മനുഷ്യസ്നേഹി! ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. പത്ത് രൂപയുടെ സഹായം ചെയ്താൽ പോലും വമ്പൻ പബ്ലിസിറ്റിക്ക് ശ്രമിക്കുന്നവരുടെ ഇടയിൽ മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്...

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനിൽ നാഗേന്ദ്രന്റെ ഒരു ഫോൺ കോൾ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തിൽ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്പ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്‍റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിരിക്കുന്ന അവസ്ഥയിൽ ഭർത്താവ് ശ്രീകുമാറിന് ബിന്ദുവിന്‍റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകൾക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനിൽ നാഗേന്ദ്രൻ ഫോൺ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന സങ്കീർണമായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതിൽ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നതിനാൽ സമാന്തരമായി മറ്റൊരു വഴി തേടാൻ ഞാൻ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്‍റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്ന് വന്നത്. ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്ന ആ പയ്യന്‍റെ!! അവിടെ ചെത്തി നടന്നിരുന്ന സർവ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങൾ കീഴടക്കിയ പഴയ ആ കൗമാരക്കാരൻ. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബർക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്‍റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാൾ എന്ന നിലയിലും പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ 'കാഴ്ച ' പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന ആൾ എന്ന നിലയിലും ലോ കോളേജിലെ പഴയ സീനിയറിന്‍റെ സ്വാതന്ത്ര്യത്തോടും ഞാൻ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു.

അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്. ബിന്ദുവിന്റെ ശസ്ത്രക്രിയയും ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്‍റെ ഓഫീസിന് നിർദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്‍റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്‍റര്‍നാഷണൽ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന “ഹൃദ്യം” പദ്ധതിയിൽ തന്നെ ഈ ശസ്ത്രക്രിയ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിൽ വിദ്ഗദ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി വെഞ്ഞാറമൂടിലെ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. നന്ദി മിസ്റ്റർ മമ്മൂട്ടി. പതിനായിരങ്ങൾക്ക് കൈത്താങ്ങായി നിങ്ങൾ ഇനിയും വിളങ്ങട്ടെ....

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News