"മണ്ണിൽ കുഴികുത്തി കഞ്ഞി കൊടുത്തത് പാത്രം ഇല്ലാത്തതുകൊണ്ട്, അന്നത്തെ കാലത്തെ പാരമ്പര്യം": ദിയ കൃഷ്‌ണ

പ്രാവിന് തീറ്റ കൊടുക്കുന്ന കൃഷ്‌ണകുമാറിനോട് 'ഇവർക്ക് മണ്ണിലിട്ട് കൊടുത്തത് പ്രശ്‌നമാകുമോ' എന്ന് ദിയ പരിഹാസരൂപേണ ചോദിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Update: 2024-01-12 14:58 GMT
Editor : banuisahak | By : Web Desk
Advertising

ബിജെപി നേതാവും നടനുമായ കൃഷ്‌ണകുമാറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മകൾ ദിയ കൃഷ്‌ണ. കുട്ടിക്കാലത്ത് സ്വന്തം വീട്ടിൽ പണിക്കാർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞികൊടുത്തതിനെ കുറിച്ചുള്ള കൃഷ്‌ണകുമാറിന്റെ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. അനാചാരത്തെ മഹത്വവൽക്കരിച്ചുവെന്നും ജാതീയതയിൽ അഭിമാനം കൊണ്ടുവെന്നുമടക്കമുള്ള രൂക്ഷവിമർശനങ്ങൾ കൃഷ്‌ണകുമാറിനെതിരെ ഉയർന്നിരുന്നു. 

ഇതിനിടെ യൂട്യൂബിൽ പങ്കുവെച്ച ഒരു വ്‌ളോഗിനിടെ പ്രാവിന് തീറ്റ കൊടുക്കുന്ന കൃഷ്‌ണകുമാറിനോട് 'ഇവക്ക് തറയിൽ ഭക്ഷണം കൊടുത്തുവെന്ന് പറഞ്ഞ് ആളുകൾ വരുമോ' എന്ന് ദിയ കൃഷ്‌ണ പരിഹാസരൂപേണ ചോദിച്ചതും വിവാദങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.പലഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ദിയ കൃഷ്‌ണ വിശദീകരണവുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം. 

മണ്ണിൽ കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് '80കളിൽ എല്ലായിടത്തും ഉണ്ടായിരുന്ന പാരമ്പര്യ സമ്പ്രദായമായിരുന്നു എന്നും ഇടത്തരം കുടുംബമായ കൃഷ്‌ണകുമാറിന്റെ വീട്ടിൽ ആവശ്യത്തിന് പാത്രങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പണിക്കാർക്ക് ആ രീതിയിൽ ആഹാരം കൊടുത്തതെന്നും ദിയ കൃഷ്‌ണ ന്യായീകരിക്കുന്നു. 'എന്റെ ഫോളോവേഴ്‌സിന് വേണ്ടി മാത്രം, ഹേറ്റേഴ്‌സ് ഇത് കാണരുത്' എന്ന അടിക്കുറിപ്പോടെയാണ്‌ ദിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

"വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. മലയാളികൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. അച്ഛനും എനിക്കും പ്രത്യേകിച്ചും പഴഞ്ചോറ് ഭയങ്കര ഇഷ്ടമാണ്. പഴഞ്ചോറ് കണ്ടപ്പോൾ തന്നെ അച്ഛന് പഴയ കാലം ഓർമ വന്നു എന്നുമാത്രമാണ് അച്ഛൻ അന്നാ വീഡിയോയിൽ പറഞ്ഞത്. അച്ഛന് ഏഴോ എട്ടോ വയസുള്ള കാലത്തെ കാര്യമാണത്. അച്ഛൻ സാധാരണയിൽ സാധാരണക്കാരായ, ലോവർ മിഡിൽ ക്ലാസ് ഫാമിയിൽ നിന്ന് വന്ന ആളാണ്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നതും. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. ആ വിട്ടിൽ വന്നാൽ വെറും കെെയോടെ പോകുന്നത് പുള്ളിക്കാരിക്ക് ഇഷ്ടമല്ല.

എൺപതുകളിലെ കഥയാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല പറഞ്ഞത്. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ് പറഞ്ഞത്. അവർ ക്ഷീണിച്ച് നിൽക്കുന്നത് കണ്ട് അവർക്ക് ഭക്ഷണം കൊടുക്കാൻ അച്ഛന്റെ അമ്മയ്ക്ക് തോന്നിയിരുന്നു. ലോവർ മിഡിൽ ക്ലാസ് ഫാമിലി ആയതിനാൽ എല്ലാവർക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. വീട്ടിൽ കഴിക്കാൻ തന്നെ ആകെ രണ്ട് സ്റ്റീൽ പ്ലേറ്റ് കാണും. ഒരു പത്തമ്പത് പേർക്ക് കൊടുക്കാൻ ഇതൊന്നും തികയില്ല. അങ്ങനെ അമ്മൂമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിൻ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. മണ്ണിൽ കുഴികുത്തി അതിൽ ഇല വെക്കും. അതിനകത്താണ് ചോറോ കഞ്ഞിയോ ഒഴിച്ച് കഴിക്കുന്നത്. കൈ വെച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും.

എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലാം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രഡിഷനാണ്. അങ്ങനെ കഴിക്കുന്നത് കാണുമ്പോൾ കൊച്ചുകുട്ടിയായിരുന്ന അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എന്ത് രസമായിട്ട് കഴിക്കുന്നതെന്ന് തോന്നി. ഏഴെട്ട് വയസുള്ള പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛൻ ആ വിഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാർക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല.

എന്റെ അച്ഛന് ജാതിയുടെ പ്രശ്‌നമുണ്ടെന്ന് ആക്കുന്നത്. എന്റെ അച്ഛൻ ലോവർ മിഡിൽ ക്ലാസിൽ നിന്നുമാണ്. അങ്ങനെയുള്ളയാൾ പാവങ്ങളെ മോശമായി കാണില്ല. ആളുകൾ വളച്ചൊടിച്ചതാണ്. ന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ പയ്യൻ അല്ല. അതു കൂടെ മനസിലാക്കണം. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് വരെ ചിലർ പറഞ്ഞു. പക്ഷേ, അതിൽ ചിലരൊക്കെ കോളേജിൽ പഠിക്കുന്നവരാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതിൽ അതിന് മുതിരുന്നില്ല.": ദിയ പറയുന്നു. 

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദിയ കൃഷ്ണയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. മണ്ണില്‍ കുഴി കുത്തി ഇലയിട്ട് പഴങ്കഞ്ഞി കഴിക്കുന്ന രീതി എല്ലാ ജാതിയില്‍ പെട്ട മനുഷ്യരും പിന്തുര്‍ന്നിരുന്ന ഒരു രീതിയല്ല. എല്ലാവരും പിന്തുടർന്നിരുന്ന പാരമ്പര്യമാണെന്ന് പറയുമ്പോൾ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം കൂടി നിങ്ങൾക്കുണ്ട്. ഒരു ജനവിഭാഗത്തോട് കാണിച്ച അനീതിയേയും , മനുഷ്യ വിരുദ്ധതയേയും romantizie ചെയ്യുന്ന പോലെയാണ് നിങ്ങളുടെ അച്ഛന്‍ സംസാരിച്ചതെന്ന് ഒരാൾ കമന്റ് സെക്ഷനിൽ കുറ്റപ്പെടുത്തി. കാര്യമറിയാതെയാണ് ആളുകൾ കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു പിന്തുണച്ച് എത്തിയവരുടെ ന്യായീകരണം. 

Full View

ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവേഴ്‌സുള്ള ഇൻഫ്ളുവൻസർ കൂടിയാണ് ദിയ കൃഷ്‌ണ. യൂട്യൂബിലും വ്‌ളോഗുകളുമായി സജീവമാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News