ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

Update: 2022-09-07 08:31 GMT

പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.



1944 ലാണ് ദിലിപ് കുമാർ തന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത് . 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ ദിലിപ് കുമാറാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്‍റെ പേരിലാണ്.പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടും നിന്ന അഭിനയജീവിതതത്തില്‍ അദ്ദേഹം 66 ചിത്രങ്ങളില്‍ വേഷമിട്ടു.

Advertising
Advertising

ബോളിവുഡില്‍ പ്രണയനായകനായി നിറഞ്ഞാടിയ ദിലീപ് കുമാറിന്‍റെ യഥാര്‍ഥ പേര് മുഹമ്മദ് യൂസഫ് ഖാന്‍ എന്നാണ്. 1944ല്‍ പുറത്തിറങ്ങിയ ജ്വാർ ഭട്ടയാണ് ആദ്യചിത്രം.ആൻഡാസ്, ആന്‍, ദാഗ്, ദേവദാസ് എന്നീ ചിത്രങ്ങളിലെ പ്രണയനായകനെ കണ്ട് ഇന്ത്യന്‍സിനിമാ ലോകം കോരിത്തരിച്ചു. കോമഡി റോളുകളിലും അദ്ദേഹം തിളങ്ങി. 1998ല്‍ പുറത്തിറങ്ങിയ ഖിലയിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.

ആദ്യകാലത്ത് നടി മധുബാലയുമായി പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. 1966ല്‍ നടി സൈറാ ബാനുവിനെ വിവാഹം കഴിച്ചു. 1981ല്‍ അസ്മ സാഹിബയെ വിവാഹം കഴിച്ചെങ്കിലും 1983ല്‍ വിവാഹമോചനം നേടി.

ഉറുദു, ഹിന്ദി, ഹിന്ദ്‌കോ (അദ്ദേഹത്തിന്റെ ആദ്യ ഭാഷ), പഞ്ചാബി, മറാത്തി, ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, പാഷ്ടോ, പേർഷ്യൻ, അവധി, ഭോജ്പുരി ഭാഷകളിൽ നന്നായി സംസാരിക്കാന്‍ അറിയാവുന്ന നടന്‍ കൂടിയായിരുന്നു ദിലീപ് കുമാര്‍. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News