സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആർഡിയും അഖിൽ ഷായും ബിഗ് സ്ക്രീനിലേക്ക്; 'മഹാരാജ ഹോസ്റ്റൽ' റിലീസ് ജൂലൈ 24ന്
തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് തുടങ്ങിയവർ. ഇവർ ആദ്യമായി ഒന്നിക്കുന്ന ആദ്യ സിനിമയായ 'മഹാരാജ ഹോസ്റ്റൽ' ജൂലൈ 24ന് റിലീസിനൊരുങ്ങുന്നു. ഏറെ കാത്തിരുന്ന കോംമ്പോ ഇനി ആരാധകർക്ക് ബിഗ് സ്ക്രീനിൽ കാണാം. റീൽസുകളിലൂടെയും വീഡിയോകളിലൂടെയും ഏറെ ആരാധകരെ സൃഷ്ടിച്ച ഇവർ ഒന്നിക്കുന്ന ചിത്രം തീയേറ്ററുകളിലും ചിരിപ്പൂരം തീർക്കുമെന്നാണ് പ്രതീക്ഷ. 'മഹാരാജ ഹോസ്റ്റൽ' ഹൊറർ കോമഡി ചിത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന.
ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ', 'ചൂതാട്ടമോ' തുടങ്ങിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റാണ്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലൂടെ യുവതാരങ്ങൾ ഞെട്ടിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രൃഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം അശ്വിൻ റാം, എഡിറ്റിങ് നിതീഷ് മിശ്രയുമാണ് നിർവഹിച്ചിരിക്കുന്നത്.