'സിനിമാ റിവ്യൂ ചെയ്യുന്നവര്‍ സാഡിസ്റ്റുകള്‍, സിനിമയില്‍ എത്താന്‍ കഴിയാത്ത നിരാശര്‍'; റോഷന്‍ ആന്‍ഡ്രൂസ്

'മുംബൈ പൊലീസ് ഇറങ്ങിയപ്പോള്‍ മലയാളത്തിലെ ഒരു നിരൂപകന്‍ 25,000 രൂപ നിര്‍മാതാവിനോടു വാങ്ങി, പണം കൊടുത്തില്ലെങ്കില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഗേ ആണെന്നു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'

Update: 2022-12-11 13:51 GMT
Editor : ijas | By : Web Desk
Advertising

മലയാള സിനിമയില്‍ റിവ്യൂ ചെയ്യുന്നവര്‍ സിനിമയില്‍ എത്താന്‍ കഴിയാതെ പോയതിന്‍റെ നിരാശയാണ് പ്രകടിപ്പിക്കുന്നതെന്നും സാഡിസ്റ്റുകളാണെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇത്തരക്കാര്‍ തന്‍റെ സിനിമയ്ക്കു മാര്‍ക്കിടാന്‍ വരേണ്ടെന്നും ആരാണു സിനിമയ്ക്കു മാര്‍ക്കിടാന്‍ ഇക്കൂട്ടര്‍ക്ക് അധികാരം നല്‍കിയതെന്നും റോഷന്‍ ചോദിച്ചു. യൂ ട്യൂബില്‍ നിന്നു വരുമാനം കണ്ടെത്തേണ്ടവര്‍ സിനിമയെ കൊന്നുതിന്ന് ചോര കുടിക്കേണ്ട. വ്യക്തിഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം. കേരളത്തിലെ സിനിമ പ്രേക്ഷകരുടെ വക്താക്കളെന്ന പേരില്‍ ചിലര്‍ റിവ്യൂ പറയേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ യൂ ട്യൂബ് സിനിമാ റിവ്യൂക്കാരും മോശമാണെന്ന് പറഞ്ഞിട്ടില്ലെന്നും സിനിമയെ വസ്തുതാപരമായി മനസ്സിലാക്കി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ടെങ്കിലും അവര്‍ വളരെക്കുറവാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് മലയാള സിനിമയിലെ നിരൂപണത്തെ വിമര്‍ശിച്ചത്.

കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ലെന്ന പരാമര്‍ശത്തിലും റോഷന്‍ ആന്‍ഡ്രൂസ് വിശദീകരണം നല്‍കി. കൊറിയയില്‍ ഇറങ്ങുന്ന നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊറിയന്‍ ജനതയാണ്. സിനിമയാണ് ആ ജനതയുടെ ഏറ്റവും വലിയ ഉല്ലാസം. അതിനെ നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ നിരൂപണത്തിലൂടെ സിനിമയെ കൊല്ലാറില്ല. കൊറിയയില്‍ നല്ല സിനിമയുടെ പ്രചോദനം അവിടത്തെ ജനതയാണ്. അക്കാര്യമാണ് താന്‍ മുന്നേ ചൂണ്ടിക്കാട്ടിയതെന്നും റോഷന്‍ ആന്‍ഡ്രൂസ് വിശദീകരിച്ചു.

മുംബൈ പൊലീസ് ഇറങ്ങിയപ്പോള്‍ മലയാളത്തിലെ ഒരു നിരൂപകന്‍ 25,000 രൂപ നിര്‍മാതാവിനോടു വാങ്ങിയതായും പണം കൊടുത്തില്ലെങ്കില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഗേ ആണെന്നു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റോഷന്‍ വെളിപ്പെടുത്തി. മലയാളത്തിലെ ഒരു ചാനല്‍ മുംബൈ പൊലീസിന്‍റെ ക്ലൈമാക്സ് ആദ്യ ദിവസം തന്നെ പരസ്യമാക്കിയതായും ചാനലിലെ പ്രധാന വ്യക്തിയെ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ വാക്കുകള്‍:

സിനിമാ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ട് മാധ്യമങ്ങളില്‍ നല്ല റിവ്യൂസ് വന്നിരുന്നു. അത് വ്യക്തിഹത്യയല്ല. സിനിമയുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ചാണു സംസാരിക്കുന്നത്. ഇവിടെ റിവ്യൂ ചെയ്യുന്നവര്‍ സിനിമയില്‍ എത്താന്‍ കഴിയാതെ പോയതിന്‍റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണവര്‍. ഇവര്‍ എന്‍റെ സിനിമയ്ക്കു മാര്‍ക്കിടാന്‍ വരേണ്ട. ആരാണു സിനിമയ്ക്കു മാര്‍ക്കിടാന്‍ ഇക്കൂട്ടര്‍ക്ക് അധികാരം നല്‍കിയത്. യൂ ട്യൂബില്‍ നിന്നു വരുമാനം കണ്ടെത്തേണ്ടവര്‍ സിനിമയെ കൊന്നുതിന്ന് ചോര കുടിക്കേണ്ട. വ്യക്തിഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം. കേരളത്തിലെ സിനിമ പ്രേക്ഷകരുടെ വക്താക്കളെന്ന പേരില്‍ ചിലര്‍ റിവ്യൂ പറയേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ യൂ ട്യൂബ് സിനിമാ റിവ്യൂക്കാരും മോശമാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. സിനിമയെ വസ്തുതാപരമായി മനസ്സിലാക്കി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ട്. വളരെക്കുറവാണ് അവര്‍.

പാരസൈറ്റിന്‍റെ സംവിധായകന്‍ ബോങ് ജുങ് ഹൂ ഓസ്കര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ തനിക്കു കിട്ടിയ ഓസ്കര്‍ തന്‍റെ രാജ്യത്തിനു സമര്‍പ്പിക്കുന്നുവെന്നാണ് പറഞ്ഞത്. ആ രാജ്യത്ത് ഇറങ്ങുന്ന നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതും കൊറിയന്‍ ജനതയാണ്. സിനിമയാണ് ആ ജനതയുടെ ഏറ്റവും വലിയ ഉല്ലാസം. അതിനെ നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ നിരൂപണത്തിലൂടെ സിനിമയെ കൊല്ലാറില്ല. കൊറിയയില്‍ നല്ല സിനിമയുടെ പ്രചോദനം അവിടത്തെ ജനതയാണ്. അക്കാര്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. അതിലെന്താണ് തെറ്റ്.

എന്‍റെ സിനിമ മുംബൈ പൊലീസ് ഇറങ്ങിയപ്പോള്‍ ഒരു നിരൂപകന്‍ 25,000 രൂപ നിര്‍മാതാവിനോടു വാങ്ങി. പണം കൊടുത്തില്ലെങ്കില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഗേ ആണെന്നു പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഞാന്‍ വൈകിയാണ് ഇക്കാര്യം അറിഞ്ഞത്. 'ഹൗ ഓള്‍ഡ് ആര്‍ യൂ' ഇറങ്ങിയപ്പോഴും ഇതേ വ്യക്തി പണം ചോദിച്ചു. മലയാളത്തിലെ ഒരു ചാനലും മുംബൈ പൊലീസിന്‍റെ ക്ലൈമാക്സ് ആദ്യ ദിവസം തന്നെ പരസ്യമാക്കി. ഞാനാ ചാനലിലെ പ്രധാന വ്യക്തിയെ വിളിച്ചു. ഞങ്ങള്‍ക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News