ഹര്‍ ഘര്‍ തിരംഗയില്‍ പങ്കാളിയായി മമ്മൂട്ടി; വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി

ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പതാക ഉയർത്തിയത്

Update: 2022-08-13 09:21 GMT

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' ക്യാമ്പെയിന്‍റെ ഭാഗമായി നടൻ മമ്മൂട്ടി. കൊച്ചിയിലെ വീട്ടിൽ മമ്മൂട്ടി ദേശീയ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പതാക ഉയർത്തിയത്.

നേരത്തെ കൊച്ചി എളമക്കരയിലെ വീട്ടിൽ മോഹൻലാലും പതാക ഉയര്‍ത്തി. ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്‍റെ വിഡിയോ മോഹന്‍ലാല്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദേശീയഗാനം ആലപിച്ച ശേഷം പതാകക്ക് സല്യൂട്ട് നൽകി. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

Advertising
Advertising

75ആം സ്വാതന്ത്ര്യ വാർഷികത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് രാജ്യത്ത് ഇന്നാണ് തുടക്കമായത്. ഇന്ന് മുതൽ ആഗസ്ത് 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയർത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുന്നത്.

കേരളത്തില്‍ ആഘോഷ പരിപാടികൾ ആരംഭിച്ചു. മന്ത്രിമാരായ ജി.ആർ അനിൽ, കെ.എൻ ബാലഗോപാൽ, കെ കൃഷ്ണന്‍കുട്ടി എന്നിവർ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിൽ ദേശീയ പതാക ഉയർത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News