നിറഞ്ഞ സ്നേഹമാണ് അവനോട്, ഒരു കയ്യടി കൂടി കൊടുക്കാം; ആസിഫ് അലിയെ പുകഴ്ത്തി മമ്മൂട്ടി

അബൂദബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്‍റെ അഭിനയത്തേയും പ്രശംസിച്ചത്

Update: 2022-10-14 10:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

അബൂദബി: നിറഞ്ഞ സദസില്‍ മമ്മൂട്ടി നായകനായ റോഷാക്ക് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി എന്ന നടന്‍ തന്‍റെ പകരം വയ്ക്കാനാവാത്ത പ്രതിഭ കൊണ്ട് വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. യുവനടന്‍ ആസിഫ് അലിയും റോഷാക്കില്‍ അഭിനയിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചാണ് ചിത്രത്തിലുടനീളം ആസിഫിന്‍റെ പ്രകടനം.

ഇപ്പോൾ ആസിഫ് അലിയെ പുകഴ്ത്തി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. അബൂദബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്‍റെ അഭിനയത്തേയും പ്രശംസിച്ചത്.

"ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് ആസിഫ് അലിയോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കയ്യടി വേറെ കൊടുക്കണം. ഒന്നുകൂടി. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോ​ഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കയ്യടി കൂടി" മമ്മൂട്ടി പറഞ്ഞു.

കെട്ട്യോളാണ് എന്‍റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്‍റെ നിര്‍മാണം. ജഗദീഷ്,ഷറഫുദ്ദീന്‍, കോട്ടയം നസീര്‍,ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്ളിന്‍റെതാണ് തിരക്കഥ. പ്രോജക്ട് ഡിസൈനർ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് , ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്. ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി.ആർ.ഒ : പ്രതീഷ് ശേഖർ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News