നടന്‍ മാമുക്കോയയ്ക്ക് ഇന്ന് പിറന്നാള്‍; കഴിഞ്ഞ 27 വര്‍ഷമായി പിറന്നാള്‍ ആഘോഷിക്കാതെ നടന്‍

മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ.

Update: 2021-07-05 03:24 GMT
By : Web Desk
Advertising

നടന്‍ മാമുക്കോയക്ക് ഇന്ന് 75 വയസ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ  ഉറ്റസുഹൃത്തായ മാമുക്കോയ, ബഷീര്‍‌ വിടവാങ്ങിയ ദിവസമായതിനാല്‍ പിറന്നാള്‍ ആഘോഷിക്കാറില്ല.

മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. ഹാസ്യനടനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം മാമുക്കോയ ഉണ്ട്. മലബാറിന്‍റെ സംഭാഷണ രീതിയും വേറിട്ട ഭാവപ്രകടനങ്ങളുമാണ് മാമുക്കോയ എന്ന നടനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയതും, മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം നൽകിയതും.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ, വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശുപാർശയിൽ ആണ് മാമുക്കോയക്ക് വേഷം ലഭിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടെ കൂട്ടാം എന്ന ചിത്രത്തിലെ 'കോയ' എന്ന അറബി മാഷ് നേരെ വന്ന് കൂടു കൂട്ടിയത് മലയാളികളുടെ മനസിലേക്കാണ്. പിന്നീട് ഇങ്ങോട്ടു ഈ ഹാസ്യചക്രവർത്തിയുടെ വളർച്ചയായിരുന്നു... സ്വന്തം ശൈലിയിലെ നർമ്മമുഹൂർത്തങ്ങൾ മാമുക്കോയയെ മലയാളസിനിമയിൽ പകരകാരനില്ലാത്ത കോമഡി താരമാക്കി മാറ്റി... കോഴിക്കോടൻ മാപ്പിള സംഭാഷണ ശൈലിയായിരുന്നു മാമുക്കോയയുടെ പ്രത്യേകത.

നാടോടിക്കാറ്റ് എന്ന് പറഞ്ഞാല്‍ ദാസനും വിജയനും അപ്പുറം ഗഫൂര്‍ക്കയാണ് ഇന്ന് മലയാളിക്ക്. ശ്രീനിവാസന്‍റെ തിരക്കഥകളും സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങളുമാണ് മാമുക്കോയ എന്ന നടനെ പൂർണമായും അവതരിപ്പിച്ചത്. സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി മാമുക്കോയ. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകള്‍...

പതിവു ശൈലിയിൽ നിന്ന് മാറി ഗൗരവമേറിയ കഥാപാത്രങ്ങളും അഭിനയിച്ച് വിജയിപ്പിച്ചു മാമുക്കോയ. പെരുമഴക്കാലത്തിലെ അബ്ദുവും ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രവും ഇതിന് ഉദാഹരണമാണ്. മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നേറ്റീവ് ബാപ്പ'യിലും കേന്ദ്രകഥാപാത്രം മാമുക്കോയ ആയിരുന്നു.

കേരളത്തിന്‍റെ സ്വന്തം 'തഗ് ലൈഫ് കിംഗ്' ആയി ട്രോളൻമാർ ഏറ്റെടുത്ത മാമുക്കോയയെ തലമുറ വ്യത്യാസമില്ലാതെ മലയാളികള്‍ ആഘോഷിക്കുകയാണ് 

Full View


Tags:    

By - Web Desk

contributor

Similar News