'തലയുടെ' നായികയായി മഞ്ജു വാര്യര്‍?

2019ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ അസുരനാണ് മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം

Update: 2022-05-06 05:03 GMT
Editor : ijas

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍ വരുന്നു. അജിത്ത് നായകനായ 'തല 61' എന്ന താല്‍ക്കാലിക പേരിട്ട ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ വരുന്നതെന്നാണ് ഫിലിം അനലിസ്റ്റ് ശ്രീധര്‍ പിള്ള അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ശ്രീധര്‍ പിള്ളയുടെ അറിയിപ്പ്. അതെ സമയം സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Advertising
Advertising

ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രമാണ് അജിത് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന്‍റെ മുന്‍ ചിത്രം വലിമൈ ഒരുക്കിയ എച്ച് വിനോദാണ് പുതിയ ചിത്രവും ഒരുക്കുന്നത്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. അജിത്തിനൊപ്പമുള്ള ബോണി കപൂറിന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ് റീമേക്കായിരുന്ന നേര്‍കൊണ്ട പാര്‍വൈയിലാണ് എച്ച് വിനോദ്-ബോണി കപൂര്‍-അജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്.

ബാങ്ക് കൊള്ളയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ലഭിക്കുന്ന സൂചന. സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി അജിത്ത് പാലക്കാട് ആയുര്‍വേദ ചികിത്സക്കായി എത്തിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാസം ഹൈദരാബാദ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ തന്നെ അജിത് ഭാഗമായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രത്തില്‍ അടുത്ത ദിവസങ്ങളില്‍ മഞ്ജു വാര്യര്‍ ഭാഗമാകും.

ഇതാദ്യമായല്ല മഞ്ജു വാര്യര്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ അസുരനാണ് മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം. ലളിതം സുന്ദരം ആണ് മഞ്ജുവിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ആയിഷ, ഒരു ബോളിവുഡ് ചിത്രമെന്നിവയാണ് മഞ്ജു വാര്യരഭിനയിച്ചു ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Manju Warrier to star in Ajith Kumar's next

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News