റിലീസിന് മുമ്പ് തന്നെ സമ്മാനം, 'ഇന്ത്യൻ 2 ദൃശ്യങ്ങൾ ഇഷ്ടപ്പെട്ടു'; ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി കമൽഹാസൻ
ഏറെ നാളായി തമിഴ്‌സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2. ശങ്കറും കമൽഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം ഇടക്കാലത്ത് കോവിഡ് മൂലം ചിത്രീകരണം നിർത്തിവെച്ചിരുന്നു. ചിത്രത്തിനെ കുറിച്ച് പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യാറുണ്ട്.
ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് ഇന്ത്യൻ 2 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ആശങ്കകളെ അസ്ഥാനത്താക്കി ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ടിരിക്കുകയാണ് ഉലകനായകൻ കമൽഹാസൻ.
ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് തന്നെ സമ്മാനമായി നൽകി. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കേണ്ട ഭാഗങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്.
ഇന്ത്യൻ 2 ൻറെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ഷങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഷങ്കറിൻറെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണം എന്നുമാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്.
My heart is filled with gratitude and joy sir.I will never stop giving it my best! And needless to say, your performance and presence brought an essential essence to the film. Thank you for the token to commemorate this very special moment. I will cherish this feeling 🙏… https://t.co/mN9WFuC4No
— Shankar Shanmugham (@shankarshanmugh) June 28, 2023
2020 ഫെബ്രുവരിയിൽ ഇന്ത്യൻ 2 ന്റെ സെറ്റിലുണ്ടായ ഒരപകടത്തിൽ 2 പേർ മരണപ്പെട്ടിരുന്നു. തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്.
1996 ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻഡ്രി കൂടിയായിരുന്നു സിനിമ. ചിത്രത്തിലെ അഭിനയം കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു.