രജിനിയുടെ വില്ലൻ, മമ്മൂട്ടിയുടെ നായകൻ; 100 % പ്രൊഫഷണൽ വിനായകൻ

വില്ലനാകാനും നായകനാകാനും തമാശക്കാരനാകാനും അതിവേ​ഗം വിനായകനാകും. അവയെല്ലാം ആളുകൾക്കിടയിലേക്ക് എളുപ്പം എത്തിച്ചേരുന്നത് അയാൾ ആ കഥാപാത്രത്തിന് നൽകുന്ന യുണീക്ക്നെസ് കൊണ്ടുകൂടിയാണ്. കളങ്കാവലിലെ കഥാപാത്രത്തിലേക്കെത്തുമ്പോൾ മുൻപ് ചെയ്ത കഥാപാത്രങ്ങളെ പോലെ എക്സെന്റ്ട്രിക്കല്ല. തന്റെ കൈയും കാലുമൊക്കെ ജിതിൻ കെട്ടിക്കളഞ്ഞെന്നാണ് അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്

Update: 2025-11-30 12:28 GMT

2023 ആ​ഗസ്ത് 10. രണ്ട് വർഷ​ങ്ങൾക്കിപ്പുറം ഒരു രജിനികാന്ത് ചിത്രം തിയറ്ററുകളിലേക്കെത്തുന്നു. പ്രേക്ഷകർക്ക് ആഘോഷിക്കാൻ പാകത്തിന് ഒരുപാട് എലമെന്റ്സ് അടങ്ങിയൊരു സിനിമ - ജയ്ലർ. കഴിഞ്ഞ സിനിമകളുടെ ക്ഷീണം മാറ്റാനെത്തുന്ന സൂപ്പർസ്റ്റാർ. സാൻഡൽവുഡിൽ നിന്ന് കാമിയോ റോളിൽ ശിവരാജ് കുമാർ. മലയാളിക്ക് ആഘോഷിക്കാൻ ഇങ്ങ് മോളിവുഡിൽ നിന്ന് മോഹൻലാൽ. റിലീസിന് മുൻപേ ട്രെൻ‍ഡ് സെറ്റ് ചെയ്ത അനിരുദ്ധിന്റെ പവർ പാക്ക്ഡ് സ്കോർ. എല്ലാം കൊണ്ടും ആഘോഷമായൊരു തലൈവർ പടം. പക്ഷേ റിലീസിന് പിന്നാലെ ചർച്ചയായത് ഈ പേരുകളൊന്നുമല്ല. തമിഴകത്തെത്തി വില്ലനിസത്തിൽ സാക്ഷാൽ രജിനിയെ വിറപ്പിച്ച ഒരു മലയാളിയുടെ പേര് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ പാൻ ഇന്ത്യൻ ലെവലിൽ ആഘോഷിക്കപ്പെട്ടു. ഒരു രജിനി പടത്തെ തന്റേതു മാത്രമാക്കി അയാൾ. എക്സെന്റ്ട്രിക് സ്മ​ഗ്ലറായ വർമനായി മനസിലായോയെന്ന് ചോദിക്കുന്നിടത്ത്, കണ്ട് നിന്നവരിലേക്ക് വില്ലനിസത്തിന്റെ പീക്കെന്തെന്ന് കാണിച്ചുതന്നു വിനായകൻ. സംശയമേതുമില്ലാതെ 100 % പ്രൊഫഷണലാണയാളെന്ന് ഏവരും പറഞ്ഞു. അന്ന് രജിനിയുടെ വില്ലനെങ്കിൽ ഇന്ന് മറ്റൊരു സൂപ്പർ താരത്തിന്റെ വില്ലനിസത്തിന് എതിരെ നിൽക്കുകയാണദ്ദേഹം. മമ്മൂട്ടി ചിത്രത്തിലെ, കളങ്കാവലിലെ നായകനാകുന്ന വിനായകൻ.

Advertising
Advertising

ഒരു സ്റ്റേജ് പെർഫോമറായി തുടക്കം. അവിടെ നിന്ന് സിനിമയിലേക്ക്. നായകന്റെ സുഹൃത്തായും, സഹനടനായും, കൊമേഡിയനായുമെല്ലാം തിളങ്ങി. ഡാൻസർ, സം​ഗീത സംവിധായകൻ, ​ഗായകൻ. വിനായകനെ വാഴ്ത്താൻ കാരണങ്ങൾ പലതാണ്. അസാധ്യ നടനാണയാളെന്നത് പലകുറി നാം കണ്ടറിഞ്ഞ യാഥാർഥ്യം. അതിന്റെ മാറ്റുകൂട്ടുന്നതായിരുന്നു ​കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് അദ്ദേഹം നേടിയ സംസ്ഥാന പുരസ്കാരം. മതിലിന്റെ മുകളിലിരുന്ന് കൃഷ്ണാ, ഞാൻ ​ഗം​ഗയാടാ.. പണി പാളിയ പോലെ തോന്നണിണ്ടടായെന്ന് പറയുന്ന രം​ഗത്തിൽ വിനായകനെ നമുക്ക് കാണാനാകില്ല. അവിടെയുള്ളത് ​ഗം​ഗ മാത്രമാണ്. കണ്ഠമിടറിക്കൊണ്ട് ഭയത്തോടെയും നിസഹായതോടെയുമുള്ള ആ ഫോൺ വിളിയിൽ ആ കഥാപാത്രത്തിൽ പ്രകടമാകുന്ന വെപ്രാളം ഇന്നും കണ്ണുകളെ ഈറനണിയിക്കും.

Full View

അയാൾക്കഭിനയിക്കാനറിയില്ല, ജീവിതത്തിലും സിനിമയിലും അയാൾ ജീവിക്കുകയാണ്. സിനിമയിൽ കഥാപാത്രമായി പ്രേക്ഷകനിലേക്ക് ആഴത്തിലിറങ്ങുമ്പോൾ ജീവിതത്തിലും അയാൾ പച്ചയായ മനുഷ്യൻ തന്നെ. വിമർശനങ്ങൾ പലതുയരുമ്പോഴും ഓരോ തവണയും തന്റെ പ്രകടനത്തിലൂടെ അയാൾ ഉയരത്തിൽ തലപ്പാവുവെച്ച് ഇരിപ്പുറപ്പിക്കും. സിനിമയും സിനിമയുടെ ബിസിനസും. അതാണ് ഞാൻ പ്രധാനമായും നോക്കാറുള്ളത്. പൊതുവേദിയിൽ സംസാരിക്കാൻ എനിക്കറിയില്ല. താത്പര്യമുണ്ട് പക്ഷേ പറ്റുന്നില്ല. 10ൽ രണ്ട് പേർ എന്തെങ്കിലുമൊക്കെ പറയും എന്റെ സ്വാഭാവമനുസരിച്ച് ഞാനും തിരിച്ചുപറയും, അത് പ്രശ്നമാകും. വീട്ടിലിരിക്കുന്നതാണ് അതിനേക്കാൾ നല്ലത്. കളങ്കാവലുമായി ബന്ധപ്പെട്ടെത്തിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞുവെക്കുന്നത് ഇത്രമാത്രം.

വില്ലനാകാനും നായകനാകാനും തമാശക്കാരനാകാനും അതിവേ​ഗം അദ്ദേഹത്തിനാകും. അവയെല്ലാം ആളുകൾക്കിടയിലേക്ക് എളുപ്പം എത്തിച്ചേരുന്നത് അയാൾ ആ കഥാപാത്രത്തിന് നൽകുന്ന യുണീക്ക്നെസ് കൊണ്ടുകൂടിയാണ്. 2015ലാണ് മിഥുൻ മാനുവൽ തോമസിന്റെ ആടെത്തുന്നത്. സിനിമ തിയറ്ററിൽ പരാജയപ്പെട്ടപ്പോഴും അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകമനസിൽ ഇടം കണ്ടെത്തി. വിനായകന്റെ ഡ്യൂഡ് അക്കൂട്ടത്തിൽ മുൻപിൽ ഉണ്ടാകും. ഒരു അണ്ടർവേൾഡ് ഡോണായെത്തി പ്രേക്ഷകരെ അയാൾ ചിരിപ്പിച്ചു. തൊട്ടടുത്ത വർഷം കമ്മട്ടിപ്പാടത്തിലെ ​ഗം​ഗയായെത്തി ഉള്ളിൽ വിങ്ങൽ സമ്മാനിച്ചു. 2017ൽ വീണ്ടും ഡ്യൂഡായെത്തി അയാൾ ആട് 2വിനെ ഷോൾഡർ ചെയ്തു. ചുവന്ന കോട്ടും കൂളിങ് ​ഗ്ലാസും വെച്ച് ദാമോദരൻ ഉണ്ണി മകൻ ഡിൽമൻ ഇടക്കൊച്ചിയെന്ന് പറയുന്നിടത്ത് തിയറ്ററിൽ കൈയടി വീണു. വിനായകന് മാത്രം സാധിക്കുന്ന ഒന്ന്. അതിന് തൊട്ടടുത്ത വർഷം തന്നെയാണ് ഈ മ യൗവിലൂടെ അദ്ദേഹം വീണ്ടും നമ്മളെ ഞെട്ടിച്ചത്. എല്ലാവരും ഒരു ദിവസം പിരിഞ്ഞുപോകും, അപ്പോ ബാക്കിയുള്ള നമ്മളെല്ലാവരും കൂടി അവർക്ക് നല്ലയൊരു യാത്രയയപ്പ് കൊടുക്കണമല്ലോ...അങ്ങനെയൊക്കെയല്ലേ, അല്ലെങ്കിൽ നമ്മളെന്തിനാ മനുഷ്യരെന്നൊക്കെ പറഞ്ഞ് ജീവിക്കുന്നത്. എനിക്ക് ഒന്നും പറയാൻ പറ്റണില്ല സാറെയെന്ന് പറഞ്ഞ് മുഖം പൊത്തി അയാൾ കരഞ്ഞു തുടങ്ങും, കൂടെ നമ്മളും. അങ്ങനെ പല പല കഥാപാത്രങ്ങൾ, പല പല ജീവിതങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു.

ജയ്ലറിലെ പീക്ക് വില്ലന് ശേഷം വിനായകനെ അധിക സിനിമകളിലൊന്നും നാം കണ്ടിട്ടില്ല, വളരെ ചുരുങ്ങിയ ചിത്രങ്ങൾ മാത്രം. അതിനുള്ള കാരണം അദ്ദേഹം തന്നെ പറയുന്നു. 'ഇവിടെ മമ്മൂക്ക അവിടെ രജിനികാന്ത്. പടങ്ങളെടുക്കുന്നത് ‍ഞാൻ അതുകൊണ്ട് കുറച്ചു. ​ദ ബെസ്റ്റ് ഇനി വരട്ടെ'. ക്വാണ്ടിറ്റിക്ക് മുകളിൽ ക്വാളിറ്റിക്ക് അദ്ദേഹം കൊടുക്കുന്ന പ്രാധാന്യമായി ഈ വാക്കുകളെയെടുക്കാം. മമ്മൂട്ടിയാണ് വിനായകനെ കളങ്കാവലിലേക്ക് സ‍​ജസ്റ്റ് ചെയ്യുന്നത്. മമ്മൂക്കയോട് ഒപ്പത്തിനൊപ്പമുള്ള കഥാപാത്രം ചെയ്യാനാകുകയെന്നത് ഒരു ഭാ​ഗ്യമാണ്. മമ്മൂക്ക ഈ കഥാപാത്രത്തിലേക്ക് സജസ്റ്റ് ചെയ്തുവെന്നതിന്റെ അപ്പുറത്തേക്ക് വേറെയൊന്നുമില്ല. വിനായകൻ പറയുന്നു. പൊലീസ് കഥാപാത്രത്തിന്റെ ഡ്രസില്ലാതെ പൊലീസായി അഭിനയിക്കുകയെന്നതാണ് ഇതിലേറ്റവും ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മെ​ഗാസ്റ്റാർ പ്രതിനായകനാകുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്.

'നമുക്ക് വേണ്ടി ആരും അഭിനയിക്കാൻ വരില്ല, നമ്മൾ തന്നെ അഭിനയിക്കണം. നമ്മൾ ഹോണസ്റ്റ് ആയിരിക്കണം ഡെഡിക്കേറ്റഡ് ആയിരിക്കണം സിംപിളായിരിക്കണം. ഇതൊക്കെ വിനായകനുണ്ട്. നടനെന്ന നിലയിൽ വളരെ ഡിസിപ്ലിനിഡ് ആണ്. അതുതന്നെയാണ് വിനായകന്റെ വിജയം'-. പറയുന്നത് മമ്മൂട്ടിയാണ്. ഇതെല്ലാമാണ് അദ്ദേഹം ഇപ്പോളുള്ള സ്ഥലത്ത് എത്തിനിൽക്കുന്നതിന്റെ രഹസ്യമെന്നും മമ്മൂക്ക കൂട്ടിച്ചേർക്കുന്നു. പുറത്തിറങ്ങിയ ട്രെയ്ലറിലും ടീസറിലുമെല്ലാം സിംഹഭാ​ഗവും വിനായകനാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ മിസ്റ്ററിയായി നിലനിർത്തുകയാണ് സംവിധായകൻ ജിതിൻ കെ. ജോസ്. വിനായകന്റെ കഥാപാത്രത്തിലേക്കെത്തുമ്പോൾ മുൻപ് ചെയ്ത കഥാപാത്രങ്ങളെ പോലെ എക്സെന്റ്ട്രിക്കല്ല.തന്റെ കൈയും കാലുമൊക്കെ ജിതിൻ കെട്ടിക്കളഞ്ഞെന്നാണ് അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. അല്ലെങ്കിലും ക്യമാറക്ക് മുൻപിൽ കഥാപാത്രമായി മാറുന്നതിൽ അദ്ദേഹം 100 % പ്രൊഫഷണലാണല്ലോ... ആ പ്രൊഫഷണൽ വർക്കിനായി, മമ്മൂട്ടിയെ നേരിടുന്ന നായകനായി കാത്തിരിക്കാം

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - അഭിനവ് ടി.പി

contributor

Similar News