ആരാധകര്‍ക്ക് പെരുന്നാള്‍ സമ്മാനം: മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' പുതിയ ടീസര്‍ പുറത്ത്

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.

Update: 2022-07-10 14:41 GMT
Advertising

കൊച്ചി: ആരാധകര്‍ക്ക് പെരുന്നാള്‍ സമ്മാനമായി മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്.

മദ്യശാലയില്‍ തമിഴ് സിനിമ ഡയലോഗിന് അനുസരിച്ച് അഭിനയിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് ടീസറിലുള്ളത്. ഒരുമിനിറ്റും 26 സെക്കന്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു സിനിമയുടെ ആദ്യ ടീസര്‍ പുറത്തുവന്നത്. പകല്‍ സമയത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങളായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടിന്റെ വിവിധ മേഖലകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

രമ്യ പാണ്ഡ്യനാണ് ചിത്രത്തിലെ നായിക. വേലന്റെ ഭാര്യയായ മയില്‍ ആയിട്ടാണ് രമ്യാ പാണ്ഡ്യന്‍ ചിത്രത്തില്‍ എത്തുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം നടന്‍ അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ. അതേസമയം എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

Full View

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News