ഉദ്വേഗം ബാക്കിയാക്കി 'മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ പുറത്തിറങ്ങി

Update: 2024-02-09 05:35 GMT
Editor : safvan rashid | By : Web Desk
Advertising

കാത്തിരിപ്പിന് വിരാമമിട്ട് ‘മഞ്ഞുമ്മൽ ബോയ്സ്’​ ട്രെയിലർ പുറത്തെത്തി. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾ​ക്കുള്ളിൽ തന്നെ പത്തുലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി ടെയിലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'ജാൻ എ മൻ'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയിലർ എത്തിയിരിക്കുന്നത്. വാർത്തകളിൽ നിറഞ്ഞു നിന്ന 'ഗുണാ കേവ്സ്' , 'ഡെവിൾസ് കിച്ചൻ' എന്നീ സംഭവങ്ങൾ ചിത്രത്തിന്റെ ട്രെയിലറിൽ വന്നത് പ്രേക്ഷകർക്കിടയിൽ കൂടുതൽ കൗതകം ഉണർത്തിയിട്ടുണ്ട്.

മധ്യവേനവധി കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന സഞ്ചാരകേന്ദ്രമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് 'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ച‌യുള്ള 'ഗുണാ കേവ്സ്' സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം അധികാരികൾ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാൻ ഭയപ്പെട്ടിരുന്നു. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയിലെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

Full View

പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം, പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം, പസൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News