'ബീസ്റ്റ് ഇഷ്ടമായില്ല, മോശം തിരക്കഥ'; വിമർശനവുമായി വിജയ്‌യുടെ അച്ഛൻ

താരം എത്തി എന്നതുകൊണ്ട് സംവിധായകർ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാൽ ഒഴിവാക്കാനാവാത്ത ഘടകങ്ങൾ സുഗമമായിത്തന്നെ ഉൾപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Update: 2022-04-19 11:17 GMT
Editor : abs | By : Web Desk
Advertising

വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. ചിത്രത്തിൻറെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പർതാരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകർ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖർ പ്രതികരിച്ചു. തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബീസ്റ്റിനെ വിമർശിച്ചത്.

താരം എത്തി എന്നതുകൊണ്ട് സംവിധായകർ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാൽ ഒഴിവാക്കാനാവാത്ത ഘടകങ്ങൾ സുഗമമായിത്തന്നെ ഉൾപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബോക്‌സ് ഓഫീസിൽ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്തികരമല്ല. ഒരു സിനിമയുടെ മാജിക് അതിൻറെ തിരക്കഥയിലാണ്. ബീസ്റ്റിന് ഒരു നല്ല തിരക്കഥയില്ല', എസ് എ ചന്ദ്രശേഖർ പറഞ്ഞു.

അറബിക് കുത്ത് പാട്ട് എന്ന പാട്ട് വരെ ചിത്രം താൻ ആസ്വദിച്ചു. അതിനു ശേഷം കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നും ചിത്രത്തിലില്ലെന്നും ചന്ദ്രശേഖർ പറയുന്നു.'വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകർക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണിത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങൾ കരിയറിൻറെ തുടക്കത്തിൽ അവർ ചെയ്യും. പക്ഷേ ഒരു സൂപ്പർ താരത്തെ സംവിധാനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ അവർ ഉദാസീനത കാട്ടും. നായകൻറെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവർ കരുതുക', ചന്ദ്രശേഖർ പറഞ്ഞു.

സൺ പിക്‌ചേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, ജോൺ സുറാവു, വിടിവി ഗണേഷ്, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂർ അജിത്ത് വികൽ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആർ നിർമ്മലുമാണ് നിർവഹിച്ചിരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News