ഇന്ത്യൻ സിനിമയുടെ വിസ്മയമാകും; കാട്ടാളന്റെ ഷൂട്ടിങ് തുടങ്ങി
ഓങ്-ബാക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുമായി അണിചേർന്നാണ് സിനിമ ഒരുക്കുന്നത്
ആന്റണി വർഗീസ് പെപ്പെ, തെലുങ്ക് താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിഗ്, ബോളിവുഡ് താരം പർത്ഥ് തിവാരി, രാജ് തിരാണ്ടുസു എന്നിവർ ഒന്നിക്കുന്ന കാട്ടാളന്റെ ചിത്രീകരണം തായ്‌ലാന്റിൻ തുടങ്ങി.
മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ് ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ വർഗീസാണ് സംവിധാനം ചെയ്യുന്നത്. ഓങ്-ബാക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുമായി അണിചേർന്നാണ് സിനിമ ഒരുക്കുന്നത്. ഓങ്-ബാക്ക് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വന്ന പോംഗ് എന്ന ആനയും കാട്ടാളന്റെ ഭാഗമാകുന്നുണ്ട്.
മാർക്കോയേക്കാൾ മികവുറ്റ സാങ്കേതിക മികവോടെയും വൻ ബജറ്റോടെയുമാണ് കാട്ടാളൻ പ്രേക്ഷകരുടെ മുന്നിലെത്തുക. സിനിമ ലോകത്തെ പകരം വയ്ക്കാനില്ലാത്ത ടെക്‌നിഷ്യന്മാർ ഒന്നിക്കുന്ന ചിത്രമാണിതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
പെപ്പെയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായ കാട്ടാളനിൽ ആന്റണി വർഗീസ് എന്ന യഥാർഥ പേര് തന്നെയാണ് കഥാപാത്രത്തിൻ്റെ പേരും. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്.
കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിൽ ആക്ഷൻ സന്തോഷും കൂടെ കൊച്ച കെംബഡിയ്ക്കൊപ്പം ഒന്നിക്കുമ്പോൾ ഒരു ആക്ഷൻ വിസ്മയം തന്നെ പ്രതീക്ഷിക്കാം.
മാർക്കോ പോലെ തന്നെ പൂർണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളനുമെത്തുന്നത് എന്നതാണ് സൂചന. കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ധിഖ്, ലോക സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഷിബിൻ എസ് രാഖവ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, ലിറിസിസ്റ്റ് സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കാസ്റ്റിങ് ഡയറക്ടർ അബു വലയംകുളം, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, പിആർഒ -ആതിര ദിൽജിത്.