"അന്ന് വീട്ടിലെത്തിയപ്പോൾ മകൻ ചോദിച്ചു, അച്ഛാ എന്‍റെ സൈക്കിളിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ"; മനസ്സു തുറന്ന് വിജയ്

"പെട്രോൾ വിലവർധന കാരണമാണ് ഞാനങ്ങനെ പോയത് എന്നാണ് പലരും പറഞ്ഞത്. അതിന് ഇങ്ങനെയും ഒരു കാരണമുണ്ടായിരുന്നോ എന്ന് ഞാൻ അപ്പോഴാണ് ചിന്തിച്ചത്"

Update: 2022-04-12 11:41 GMT

തമിഴ് സൂപ്പര്‍ താരം വിജയ് വോട്ട് ചെയ്യാന്‍  പോളിങ് ബൂത്തിലേക്ക് സൈക്കിളിലെത്തിയ സംഭവം കഴിഞ്ഞ വര്‍ഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്യാന്‍  താരം സൈക്കിളിലെത്തിയത്. സംഭവം അറിഞ്ഞയുടൻ മാധ്യമങ്ങളും ആരാധകരും താരത്തിന്‍റെ പിറകേ കൂടി. വിജയ് സൈക്കിളിൽ പോളിങ് ബൂത്തിലേക്കെത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. വോട്ട് ചെയ്യാന്‍ താരം സൈക്കിളിലെത്തിയത് താരത്തിന് കൃത്യമായ രാഷ്ട്രീയ നിലപാടുള്ളതിനാലാണെന്നും കേന്ദ്ര സർക്കാരിന്‍റെ ഇന്ധന വിലവർധനക്കെതിരെ അദ്ദേഹം പ്രതിഷേധിക്കുകയായിരുന്നു എന്നുമൊക്കെ പോയി ചർച്ചകൾ.

Advertising
Advertising

എന്നാലിപ്പോൾ ഒരു വർഷത്തിന് ശേഷം ആ സംഭവത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് വിജയ്. പോളിങ് സ്‌റ്റേഷൻ വീടിന്‍റെ തൊട്ടടുത്തായതിനാൽ വോട്ട് ചെയ്യാൻ സൈക്കിളിൽ പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും അതിൽ രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല എന്നുമാണ് താരം പറയുന്നത്. ബീസ്റ്റ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയ് മനസ്സു തുറന്നത്.

"എന്‍റെ വീടിന്‍റെ പിറക് വശത്ത് തന്നെയുള്ള ഒരു സ്‌കൂളായിരുന്നു പോളിങ് ബൂത്ത് . വോട്ട് ചെയ്യാനിറങ്ങിയപ്പോൾ വീടിന് മുന്നിൽ മകന്‍റെ സൈക്കിളിരിക്കുന്നത് കണ്ടു. അങ്ങനെ സൈക്കിളിൽ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീടാണ് സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾ നടക്കുന്നുണ്ട് എന്നറിഞ്ഞത്. പെട്രോൾ വിലവർധന കാരണമാണ് ഞാനങ്ങനെ പോയത് എന്നാണ് പലരും പറഞ്ഞത്. അതിന് ഇങ്ങനെയും ഒരു കാരണമുണ്ടായിരുന്നോ എന്ന് ഞാൻ അപ്പോഴാണ് ചിന്തിച്ചത്.

വോട്ട് ചെയ്ത് വീട്ടിലെത്തിയപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ ഈ സംഭവം വൈറലായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് എന്‍റെ മകൻ എന്നെ ഫോണിൽ വിളിക്കുന്നത്. "അച്ഛാ സംഭവമൊക്കെ ശരി തന്നെ. വാർത്തകളൊക്കെ ഞാൻ കണ്ടു. എന്‍റെ സൈക്കിളിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ". അവൻ എന്നോട് ചോദിച്ചു... ഞാൻ പൂർണമായി വീട്ടിൽ തിരിച്ചെത്തിയത് തന്നെ ഭാഗ്യം. നിനക്ക് അപ്പോഴും എന്നെക്കുറിച്ചല്ല സൈക്കിളിനെക്കുറിച്ചറിഞ്ഞാൽ മതിയല്ലേ.. വക്കടാ ഫോൺ.. ഇതായിരുന്നു എന്‍റെ മറുപടി"- താരം പറഞ്ഞു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News