ബാലയ്യ ഒരു മനോരോഗിയാണ്; റഹ്മാന്‍ ആരാണെന്ന് ചോദിച്ച ബാലകൃഷ്ണക്ക് പൊങ്കാലയിട്ട് ട്രോളന്‍മാര്‍

ബാലയ്യയെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്

Update: 2021-07-22 05:23 GMT

എ.ആര്‍ റഹ്മാന്‍ ആരാണെന്നും ഭാരതരത്ന തന്‍റെ അച്ഛന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണെന്നും പറഞ്ഞ തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. ബാലയ്യയെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

#whoisbalakrishna എന്ന ഹാഷ് ടാഗോടെയാണ് ബാലകൃഷ്ണക്കെതിരെയുള്ള ട്രോളുകള്‍ പ്രചരിക്കുന്നത്. ബാലയ്യ അഭിനയിച്ച ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രോള്‍ വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൂടാതെ റഹ്മാന്‍ ആരാധകരുടെ വക മീമുകളും മേമ്പൊടിയായുണ്ട്.

Advertising
Advertising

ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിർന്ന നടന് ഇന്ത്യൻ ഇതിഹാസം എ.ആര്‍ റഹ്മാനെക്കുറിച്ച് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നു? രാജമൌലിയെക്കുറിച്ച് ഒരു തമിഴ് നടന്‍ ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? ഒരു ആരാധകന്‍ ചോദിക്കുന്നു. ആരാണ് ബാലകൃഷ്ണ, ഒരു തമാശക്കാരനായ നടന്‍, അച്ഛന്‍റെ നല്ല പേര് ചീത്തയാക്കാന്‍ ജനിച്ച മകന്‍ എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.

തലക്കനം കൊണ്ടാണ് അദ്ദേഹത്തെ ആളുകള്‍ വെറുക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ ആരും ട്രോളരുതെന്നും ബാലയ്യ ഒരു മനോരോഗിയാണെന്നും ട്രോളുകളില്‍ പറയുന്നു. ഇതിനെതിരെ ബാലകൃഷ്ണയുടെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ ഹീറോ ആണ് അദ്ദേഹമെന്നും നിരവധി കാരുണ്യപ്രവൃത്തികള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും ബാലയ്യ ആരാധകര്‍ പറയുന്നു.

ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ എ.ആര്‍ റഹ്മാനെതിരെയും ഭാരതരത്ന പുരസ്കാരത്തിനെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശമെന്നുമായിരുന്നു ബാലയ്യ അഭിമുഖത്തില്‍ പറഞ്ഞത്.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News