അഞ്ച് രൂപ കൊടുത്താൽ പത്തുപേരെ അറിയിക്കണോ?; കമന്റിന് മറുപടിയുമായി നവ്യ

മാതാപിതാക്കളും മകനും ചേർന്ന് ധനസഹായം കൈമാറുന്ന ചിത്രം നടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Update: 2024-08-03 11:56 GMT

വയനാടിന്റെ അതിജീവനത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി നിരവധി സിനിമാ താരങ്ങളാണ് രംഗത്തുവരുന്നത്. നടി നവ്യാനായരും കഴിഞ്ഞ ദിവസം ധനസഹായം നൽകിയ വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നവ്യയുടെ മാതാപിതാക്കളും മകനും ചേർന്നാണ് ധനസഹായം കലക്റ്റർക്ക് കൈമാറിയത്. ഇപ്പോഴിതാ ഈ പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയ ആൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണോ?’ എന്നായിരുന്നു നവ്യയുടെ പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്. 'എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ..' എന്നായിരുന്നു നവ്യ ഇതിന് മറുപടി നൽകിയത്.

Advertising
Advertising

 

ഒരു ലക്ഷം രൂപയാണ് നടി ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാൽ കഴിയുന്ന സംഭാവന നൽകണമെന്ന് നവ്യ വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിക്കുകയും ചെയ്തിരുന്നു.

'സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്താണ് നമ്മളിപ്പോഴുള്ളത്. അതിതീവ്ര മഴയുടെ പരിണിതഫലമായി ഒരു ഗ്രാമം തന്നേ നാമാവശേഷമായിരിക്കുകയാണ്. ഒരു ജനത മുഴുവൻ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓരോ മലയാളിയുടെയും മനസ് മുഴുവൻ വയനാടിനൊപ്പമാണ്. മുണ്ടക്കൈയുടേയും ചൂരൽമലയുടേയും രക്ഷപ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നൽകുക'- എന്നായിരുന്നു നവ്യ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തത്.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News