ഉയിരിനെയും ഉലകത്തേയും നെഞ്ചോട് ചേർത്ത് നയൻതാരക്കും വിഘ്നേഷ് ശിവനും ഒന്നാം വിവാഹ വാർഷികം

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ചത്

Update: 2023-06-09 10:59 GMT

മുംബൈ: ഒന്നാം വിവാഹ വാർഷികത്തിൽ ഉയിരിനെയും ഉലകത്തേയും നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേഷ് ശിവനും. ഇരട്ടകുട്ടികളെ നയൻതാര നെഞ്ചോട് ചേർത്ത് തലോലിക്കുന്ന ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'എൻ ഉയിരൊടെ ആധാരം നീങ്കള്‍ താനെ....ഒരുപാട് നിമിഷങ്ങൾ കൊണ്ട് നിറഞ്ഞ ഒരു വർഷം. ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായി. അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടി വന്നു, പരീക്ഷണത്തിന്‍റെ സമയങ്ങളുണ്ടായിരുന്നു. എന്നാൽ സ്നേഹവും വാത്സല്യവും നിറഞ്ഞ കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോള്‍ ആത്മവിശ്വാസം ലഭിക്കും, എല്ലാ സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പിറകെ ഓടാനുള്ള ഊർജം ലഭിക്കും. എന്‍റെ ഉയിരിനും ഉലകത്തിനുമൊപ്പം എല്ലാത്തിനെയു ചേർത്ത് പിടിക്കുന്നു. കുടുംബം നൽകുന്ന കരുത്തിന് ജീവിതത്തിൽ മാറ്റങ്ങള്‍ വരുത്താൻ സാധിക്കും'. എന്നാണ് നയൻതാരയുടെയും മക്കളുടെയും ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.

Advertising
Advertising

'നമ്മുടെ വിവാഹം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. സുഹൃത്തുക്കൾ എനിക്ക് വിവാഹ വാർഷിക ആശംസകള്‍ അയക്കുന്നു. നിന്നെ സ്നേഹിക്കുന്നു തങ്കമേ ! എല്ലാ സ്നേഹത്തോടും അനുഗ്രഹങ്ങളോടും കൂടി നമ്മള്‍ ഒന്നിച്ചൊരു ജീവിതം ആരംഭിച്ചു. ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഒരുമിച്ച് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്'. എന്നാണ് വിഘ്നേഷ് വിവാഹ വാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഉയിര്‍, ഉലകം എന്ന ഓമനപേരിലാണ് അറിയപ്പെടുന്ന വിഘ്നേഷ് ശിവൻ-നയൻതാര ദമ്പതികളുടെ ഇരട്ടകുട്ടികള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഉയിരിന്‍റെ ശരിക്കുള്ള പേര് രുദ്രനീല്‍ എന്‍ ശിവന്‍ എന്നാണ്. ഉലകിന്‍റേതാവട്ടെ ദൈവിക് എന്‍ ശിവന്‍ എന്നും."പേരിലെ 'എന്‍' ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയെ സൂചിപ്പിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ നിയമപരമായി സറോഗസി സാധ്യമല്ലെന്ന് പരാതി ഉയര്‍ന്നു. എന്നാൽ നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും സറോഗസി നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ദമ്പതികള്‍‌ വ്യക്തമാക്കുകയുണ്ടായി.

കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം ഇടവേളയെടുത്ത നയന്‍താരയുടെ അടുത്ത ചിത്രം ജവാനാണ്. ആറ്റ്‍ലി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ഷാരൂഖ് ഖാനാണ്. വിജയ് സേതുപതിയാണ് സിനിമയില്‍ വില്ലന്‍. ഷൂട്ടിങ്ങിനെത്തിയപ്പോള്‍ നയന്‍താരയ്ക്കൊപ്പം ഇരട്ടക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ കുഞ്ഞുങ്ങളുമായെത്തിയ നയന്‍താരയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിച്ച് നയന്‍താരയും വിഘ്നേഷും അവരുടെ മുഖം കാമറക്കണ്ണുകളില്‍ നിന്ന് മറച്ചുപിടിച്ചാണ് നടന്നുപോയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News