ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന യാഥാർത്ഥ്യം; തൊട്ടുകൂടായ്മയില്ല-ഹരീഷ് പേരടി

''എന്തെങ്കിലുമൊരു കാര്യം പറഞ്ഞാൽ ഉടൻ സംഘിയാക്കുന്നവർ ദുഃഖിക്കേണ്ടിവരും. വിളിക്കപ്പെടുന്നവരെല്ലാം അവസാനം സംഘിയാകേണ്ടിവരും. കേരളത്തിൽ വന്ദേഭാരതിന്റെ വേഗത 130 കി.മീറ്റർ ആയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.''

Update: 2024-02-11 10:27 GMT
Editor : Shaheer | By : Web Desk

ഹരീഷ് പേരടി

Advertising

കോഴിക്കോട്: ബി.ജെ.പി ഇന്ത്യ ഭരിക്കുന്നൊരു യാഥാർത്ഥ്യമാണെന്നും അവരോട് തൊട്ടുകൂടായ്മയില്ലെന്നും നടൻ ഹരീഷ് പേരടി. കേരളത്തിൽ വന്ദേഭാരതിന്റെ വേഗത 130 കി.മീറ്റർ ആയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. മലൈക്കോട്ട വാലിബനെതിരെ ഡീഗ്രേഡിങ് നടത്തുന്നവരുടെ ലക്ഷ്യം മോഹൻലാലാണെന്നും അവർക്കു നിഗൂഢമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒരു മലയാളം ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ''നരേന്ദ്ര മോദിയെ ധാരാളം വിമർശിച്ചിട്ടുണ്ട്. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടിയതിനും വന്ദേഭാരത് കേരളത്തിന് അനുവദിച്ചപ്പോഴുമെല്ലാം മോദിയെ ഞാൻ അഭിനന്ദിച്ചിട്ടുമുണ്ട്. മൂന്നു കൊല്ലം കൊണ്ട് കേരളത്തിലെ വന്ദേഭാരതിന്റെ വേഗത 130 കടന്നാൽ ഞാൻ ചിലപ്പോൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കെന്താ അങ്ങനെ പറഞ്ഞുകൂടേ...?''-അദ്ദേഹം ചോദിച്ചു.

''ബി.ജെ.പി ഇന്ത്യ ഭരിക്കുന്നൊരു യാഥാർത്ഥ്യമാണ്. അഭിപ്രായ വ്യത്യാസങ്ങൾ എനിക്കുമുണ്ട്, എല്ലാവർക്കുമുണ്ട്. എന്നാൽ, തൊട്ടുകൂടായ്മ ഉണ്ടാകേണ്ട കാര്യമൊന്നുമില്ല. ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണത്.

എന്തെങ്കിലുമൊരു കാര്യം പറഞ്ഞാൽ ഉടൻ സംഘിയാക്കുക എളുപ്പമുള്ള പണിയാണ്. അതിൽ ദുഃഖിക്കേണ്ടിവരും. വിളിക്കപ്പെടുന്നവരെല്ലാം അവസാനം സംഘിയാകേണ്ടിവരും. അത്തരമൊരു രീതിയിലേക്ക് പോകരുത്. കലയുടെ രാഷ്ട്രീയമാണ് ഞാൻ പിന്തുടരുന്നത്. എന്തു വിഷയത്തിനുനേരെയും വിരൽചൂണ്ടി സംസാരിക്കുന്നതാണ് അതിന്റെ നീതി.''

മലൈക്കോട്ട വാലിബനിനെതിരെ കൃത്യമായ ഡീഗ്രേഡിങ് നടന്നിട്ടുണ്ടെന്നും ഹരീഷ് ആരോപിച്ചു. അതിനു പല കാരണവുമുണ്ട്. നമ്മൾക്കിടയിൽനിന്ന് ഒരു ലോകോത്തര പ്രോഡക്ട് ഉണ്ടായിവരുന്നതിൽ പ്രശ്‌നമുള്ളവരാണ് ഇതിനെതിരെ റിവ്യൂ എന്ന പേരിൽ എത്തുന്നത്. ഈ സിനിമയിൽ മോഹൻലാൽ അല്ലെങ്കിൽ ചിത്രത്തിന് ഒരു പ്രശ്‌നവുമുണ്ടാകില്ല. ഭയങ്കരമായി വാഴ്ത്തപ്പെടും. അതിനു പിന്നിൽ നിഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. സിനിമയ്‌ക്കെതിരെ പ്രവർത്തിച്ചവരുടെ ലക്ഷ്യം മോഹൻലാൽ ആയിരുന്നുവെന്നും അദ്ദേഹം തുടർന്നു.

''ഇതിനുമുൻപ് മരക്കാർ സിനിമ റിലീസിനു മുൻപ് റിവ്യൂ ആരംഭിച്ചിരുന്നു. വാഴക്കാലയിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് ചാനൽ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘത്തെക്കുറിച്ച് അന്ന് മരക്കാറിന്റെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള കൃത്യമായി പറഞ്ഞതാണ്. മോഹൻലാലിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമുണ്ട്. കുറച്ചുകാലങ്ങളായി കൃത്യമായി തോന്നിയ കാരണമാണ്. പലകാരണങ്ങൾ അതിനെ സ്വാധീനിക്കുന്നുണ്ടാകാം.''

ഫലസ്തീൻ പ്രതിഷേധത്തിന് എന്തിനാണ് കോഴിക്കോട് തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് പത്തനംതിട്ടയിലും തിരുവല്ലയിലും നടത്തുന്നില്ല. അതിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

Summary: ''BJP is a reality that rules India. No Untouchability to them'': Says Actor Hareesh Peradi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News