ഡിഡിഎൽജെയിലെ രാജ് ആയി ആദ്യം പരിഗണിച്ചത് ഷാരൂഖിനെയായിരുന്നില്ല; പകരം ഈ നടനായിരുന്നു!

ഷാരൂഖ് ഖാനും കജോളും പ്രണയ ജോഡികളായ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ ആസ്വാദകരുടെ മനസുകളിലുണ്ട്

Update: 2025-10-21 06:09 GMT
Editor : Jaisy Thomas | By : Web Desk

Photo| Google

മുംബൈ: എപ്പോ കണ്ടാലും അന്യായ ഫ്രഷ്നസ് തോന്നുന്ന പടം..'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന ചിത്രത്തെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ടായിരിക്കും. ബോളിവുഡിലെ കാലാതീതമായ മാസ്റ്റര്‍പീസുകളിൽ ഒന്നായ ചിത്രം, പ്രണയത്തെ നമ്മൾ സ്‌ക്രീനിൽ കാണുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമ...ഹോ... ഡിഡിഎൽജെ ഒരു ഒന്നൊന്നര സിനിമയായിരിക്കും ഭൂരിഭാഗം പേര്‍ക്കും.


ഷാരൂഖ് ഖാനും കജോളും പ്രണയ ജോഡികളായ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ ആസ്വാദകരുടെ മനസുകളിലുണ്ട്. റീ റിലീസുകളുടെ ഇക്കാലത്ത് ഡിഡിഎൽജെയെ ഒന്ന് പുറത്തേക്ക് വിട്ടാൽ അറിയാം ചിത്രത്തിന്‍റെ ഫാൻബേസ് എത്രയാണെന്ന്. രാജ് മൽഹോത്ര എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. സിമ്രാൻ സിങ്ങായി കജോളും.

Advertising
Advertising

വിദേശത്തു കുടുംബത്തോടെ താമസിക്കുന്ന രണ്ടുപേരാണ് രാജും സിമ്രാനും സുഹൃത്തുക്കളുമൊത്ത് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയിൽ അവർ കണ്ടു മുട്ടി പ്രണയത്തിലാകുന്നു. സിമ്രാന് പിതാവ് നാട്ടിലുള്ള സുഹൃത്തിൻറെ മകനുമായി വിവാഹം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. വിവാഹത്തിനായി നാട്ടിലേക്കു പോകുന്ന സിമ്രാനെ പിന്തുടർന്ന് രാജും ഇന്ത്യയിലേക്ക് വരുന്നു. തുടർന്ന് സിമ്രാന്‍റെ പിതാവിന്‍റെ സമ്മതത്തോടു കൂടി തന്നെ അവളെ സ്വന്തമാക്കാൻ രാജ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഷാരൂഖിന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു ഡിഡിഎൽജെ. എന്നാൽ ചിത്രത്തിൽ ആദ്യം നായകനായി പരിഗണിച്ചിരുന്നത് ഷാരൂഖിനെയായിരുന്നില്ല. ഷാരൂഖിനെപ്പോലെ അക്കാലത്ത് യുവത്വത്തിന്‍റെ ഹരമായിരുന്ന ആമിര്‍ ഖാനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടാണ് കിങ് ഖാനിലേക്കെത്തുന്നത്.


രാജ് ആയി ഹോളിവുഡ് താരമായ ടോം ക്രൂയിസും സംവിധായകൻ ആദിത്യ ചോപ്രയുടെ പരിഗണനയിലുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. സെയ്ഫ് അലിഖാനും ലിസ്റ്റിലുണ്ടായിരുന്നു.

സംവിധായകൻ ഷാരൂഖിനെ സമീപിച്ചപ്പോഴും ആദ്യം താരം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. "ഷാരൂഖ് ഖാനെ സമ്മതിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കഥ വിശദമായി പറഞ്ഞപ്പോൾ ഞാനൊരു പ്രണയകഥ സംവിധാനം ചെയ്യുന്നു എന്ന കാര്യം ഷാരൂഖിന് അതിശയമായിരുന്നു. ഒരു ആക്ഷൻ ഫിലിം ചെയ്തുകൊണ്ടായിരിക്കും ഞാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുക എന്നായിരുന്നു ഷാരൂഖ് കരുതിയിരുന്നത്. ആ സമയത്ത് ആക്ഷൻ ഹീറോ റോളുകൾ ചെയ്യാനായിരുന്നു ഷാരൂഖിന് താൽപര്യം, പ്രണയനായകനായി വേഷമിടാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നില്ല" ആദിത്യ ചോപ്ര പറയുന്നു.

ഒരു മാസം കൊണ്ടാണ് ചോപ്ര ചിത്രത്തിന്‍റെ തിരക്കഥ എഴുതിത്തീര്‍ത്തത്. ചിത്രത്തിന് 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന പേര് നിർദ്ദേശിച്ചതാവട്ടെ നടിയും രാഷ്ട്രീയപ്രവർത്തകയുമായ കിരൺ ഖേറും. സിനിമയുടെ ക്രെഡിറ്റ് ലൈനിൽ കിരണിന് ആദിത്യ ചോപ്ര നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.


1995 ഒക്ടോബര്‍ 20നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. യാഷ് ചോപ്രയാണ് നിര്‍മാതാവ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിൽ 2014 ഡിസംബർ 12 ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചിരുന്നു.

ജതിൻ-ലളിത് സഹോദരന്മാരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലേ, കുമാർ സാനു, അഭിജീത് ഭട്ടാചാര്യ, ഉദിത് നാരായൺ എന്നിവർ ശബ്ദം പകർന്നു. ചിത്രത്തിലെ ഏഴ് ഗാനങ്ങളും ഹിറ്റായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News