'ഇന്ത്യൻ സിനിമയുടെ അഭിമാനം': ഗംഭീര പ്രതികരണം നേടി പൊന്നിയിൻ സെൽവൻ 2

ഒരു പീരിയഡ് ഡ്രാമ എങ്ങനെ സംവിധാനം ചെയ്യണമെന്ന് പൊന്നിയിൻ സെൽവനിലൂടെ മണിരത്‌നം കാട്ടിത്തരുന്നുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Update: 2023-04-28 15:43 GMT

ആരാധകർ ഏറെ കാത്തിരുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ 2ന് ഗംഭീര പ്രതികരണം. അരുൺമൊഴി വർമന് എന്ത് സംഭവിച്ചുവെന്നും ചോളരാജ്യം ആര് നേടി എന്നുമൊക്കെ സസ്‌പെൻസുകൾ ഒളിപ്പിച്ച പൊന്നിയിൻ സെൽവൻ 1നോട് കിടപിടിക്കുന്ന, അല്ലെങ്കിൽ അതിലും ഒരുപിടി മുന്നിൽ നിൽക്കുന്ന മികച്ച ദൃശ്യാനുഭവമാണ് പിഎസ്2 നൽകുന്നതെന്നാണ് റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം.

അപാര ട്വിസ്റ്റുകളും ത്രില്ലടിപ്പിക്കുന്ന പ്ലോട്ടുമായി, ആദ്യ ഭാഗത്ത് പ്രേക്ഷകർ കണ്ടതിനെല്ലാം ഉത്തരം നൽകിയാണ് മണിരത്‌നം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സിനിമയാകെ നിറഞ്ഞു നിൽക്കുന്ന കരികാലന്റെയും-നന്ദിനിയുടെയും പ്രണയവും തൃഷ-കാർത്തി കോമ്പിനേഷൻ സീനുകളുമെല്ലാം തിയേറ്ററിൽ ആവേശത്തിരയിളക്കി എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗവുമായി റിലേറ്റ് ചെയ്യാൻ തക്കവണ്ണം ഇതിൽ നിന്നുള്ള ചില ഭാഗങ്ങൾ രണ്ടാം ഭാഗത്തിലും മണിരത്‌നം ഉൾപ്പെടുത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ ശബ്ദത്തിലൂടെ ഫ്‌ളാഷ്ബാക്ക് പറയുന്ന രീതിയിലാണ് ഈ ഭാഗങ്ങളൊക്കെ.

Advertising
Advertising

സിനിമാസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന മാസ്റ്റർ പീസ്, ക്ലാസിക് എന്നൊക്കെയാണ് ചിത്രത്തിന് ആരാധകർ നൽകുന്ന വിശേഷണം. ചിത്രത്തെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നവരും കുറവല്ല. എസ്.എസ് രാജമൗലി മണിരത്‌നത്തിന് കീഴിൽ സിനിമ പഠിക്കണമെന്നും ഒരു പീരിയഡ് ഡ്രാമ എങ്ങനെ സംവിധാനം ചെയ്യണമെന്ന് പൊന്നിയിൻ സെൽവനിലൂടെ മണിരത്‌നം കാട്ടിത്തരുന്നുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News