സ്വന്തം പണി ചെയ്യുന്നതാണ് രഞ്ജിത്തിന് നല്ലത്'; പരിഹസിച്ച് തൂവാനത്തുമ്പികളുടെ നിര്‍മാതാവ്

തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്‍റെ തൃശ്ശൂര്‍ ഭാഷ മോശമാണെന്ന രഞ്ജിത്തിന്‍റെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് പി. സ്റ്റാന്‍ലിയുടെ പ്രതികരണം

Update: 2023-12-18 10:13 GMT

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണ് എന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ചിത്രത്തിന്റെ നിർമാതാവ് പി സ്റ്റാൻലി. രഞജിത്തിന്റെ പരാമർശം വളരെ മോശമായി എന്നുപറഞ്ഞ സ്റ്റാൻലി രഞ്ജിത്ത് ഭാഷ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും പരിഹസിച്ചു. സ്വന്തം പണി ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സ്റ്റാൻലി പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'നല്ല ഭംഗിയായാണ് മോഹൻലാൽ സിനിമയിൽ തൃശൂർ ഭാഷ സംസാരിച്ചിട്ടുള്ളത്. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂർ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ അങ്ങനെ ഒരാളെ കയറൂരി വിട്ടിട്ട് കാര്യമില്ലെ'. അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സ്റ്റാൻലി പരിഹസിച്ചു

ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് വിവാദ പരാമര്‍ശം  നടത്തിയത്. 

'നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാൾ കൺവിൻസിംഗായ ഒരു ആക്ടറാണ്. ബസ് സർവീസ് നടത്തി പരാജയപ്പെട്ട കഥാപാത്രമായും അധോലോക നായകനായും ഗൂർഖയായും ഒക്കെ മോഹൻലാൽ അത് തെളിയിച്ചതല്ലേ. ഞാൻ എഴുതുന്ന മീറ്റർ ലാലിന് കിട്ടുമെന്ന് പറയാറുണ്ട് രൺജി പണിക്കറൊക്കെ. മോഹൻലാൽ കംഫർട്‌സോണിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ക്യാമറയിൽ നൂറുപേരെ ഇടിക്കുന്ന ആളാണ്. ഇപ്പോഴും ലാലിന് ക്രൗഡിന് മുന്നിൽ വരാൻ മടിയാണ്. അടുപ്പമുള്ളവരുടെയടുത്തേ ലാൽ കംഫർട്ട് ആകൂ. ഇപ്പോൾ മാറിയതല്ല'. രഞ്ജിത്ത് പറഞ്ഞു.

'വർഷങ്ങളായി ലാലിനെ എനിക്ക് അറിയാം. അയാൾ അങ്ങനെ ഒരു മനുഷ്യനാണ്. എന്നാൽ മമ്മൂട്ടി ഭാഷയുടെ കാര്യത്തിലും ശ്രദ്ധാലുവാണ്. ചോദിക്കുകയും മനസിലാക്കുകയും ചെയ്യുന്ന. എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. ആൾക്കാരുണ്ടാകുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം എന്നും സംവിധായകൻ രഞ്ജിത്ത് വ്യക്തമാക്കുന്നു' രഞ്ജിത്ത് പറഞ്ഞു.

അതേസമയം വിമര്‍ശനത്തിനെതിരെ സംവിധായകന്‍ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സിനിമയെ അല്ല വിമര്‍ശിച്ചതെന്നും ഇതിന്‍റെ പേരില്‍ ഒരു വിമര്‍ശനം ആവശ്യമില്ലെന്നും അനന്തപത്മനാഭന്‍ കുറിച്ചു

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News