മികച്ച ചിത്രം, നടൻ: ഓസ്‌കറിൽ മത്സരിക്കാൻ കാന്താര
ഓസ്‌കറിൽ മത്സരിക്കാനുള്ള അന്തിമ പട്ടികയിൽ ഇടംനേടാനുള്ള വോട്ടിങ് ജനുവരി 11 മുതൽ 17 വരെയാണ്
ഓസ്കറില്‍ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ റിഷബ് ഷെട്ടിയുടെ കാന്താര. സിനിമയെ പ്രധാന നോമിനേഷനില്‍ എത്തിക്കുന്നതിന് ഓസ്‌കർ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അന്തിമ നോമിനേഷനില്‍ കാന്താര എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
എസ്എസ് രാജമൗലിയുടെ ആർആർആർ, റിഷബ് ഷെട്ടിയുടെ കാന്താര എന്നീ ചിത്രങ്ങളുടെ ഓസ്‌കർ യാത്ര ആരംഭിച്ചിരിക്കുകയാണ്. ഓസ്കറില്‍ മത്സരിക്കാനുള്ള അന്തിമ യോഗ്യതാ പട്ടികയില്‍ ഇടംനേടാനുള്ള വോട്ടിങ് ജനുവരി 11 മുതല്‍ 17 വരെയാണ്. മത്സരിക്കാന്‍ യോഗ്യത നേടിയ ചിത്രങ്ങളുടെ അന്തിമ പട്ടിക ജനുവരി 24ന് പ്രഖ്യാപിക്കും.
"ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയോടെയും മുന്നേറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓസ്കറില്‍ കാന്താര തിളങ്ങുന്നത് കാണാൻ കാത്തിരിക്കുന്നു"- എന്നാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കളുടെ പ്രതികരണം.
കാന്താര 2022ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളില്‍ ഒന്നാണ്. ആഗോളതലത്തിൽ 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം തിയേറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കി. കാന്താരയുടെ രചനയും സംവിധാനവും നിര്‍വഹിച്ചതും മുഖ്യ വേഷം ചെയ്തതും റിഷബ് ഷെട്ടിയാണ്. സപ്തമി ഗൗഡ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധന അഭിനേതാക്കള്‍.