കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ പരാമര്‍ശം: സായ് പല്ലവിക്കെതിരെ പരാതി നല്‍കി ബജ്രങ്ദൾ

കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും പശുവിന്റെ പേരിൽ മുസ്‌ലിംകളെ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന സായ് പല്ലവിയുടെ പരാമർശം വലിയ ചർച്ചയായിരുന്നു

Update: 2022-06-16 16:12 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: നടി സായ് പല്ലവിക്കെതിരെ പൊലീസിൽ പരാതി. കഴിഞ്ഞ ദിവസം 'ഗ്രേറ്റ് ആന്ധ്ര' എന്ന പ്രാദേശിക ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബജ്രങ്ദൾ നേതാക്കൾ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനവും പശുവിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും തമ്മിൽ ഒരു വ്യത്യാസവും കാണാനാകുന്നില്ലെന്ന് അഭിമുഖത്തിൽ സായ് വ്യക്തമാക്കിയിരുന്നു. പരാമർശം വലിയ ചർച്ചയായതിനു പിന്നാലെ നടിക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണവും നടന്നിരുന്നു.

കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശം ചൂണ്ടിക്കാട്ടിയാണ് ബജ്രങ്ദൾ നേതാക്കൾ സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് നേതാക്കൾ പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിവാദ വിഡിയോ പരിശോധിച്ച ശേഷം അനുബന്ധ നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് പ്രതികരിച്ചു.

എന്താണ് സായ് പല്ലവി പറഞ്ഞത്?

റാണ ദഗുബതി നായകനാകുന്ന 'വിരാടപർവം' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സായ് പല്ലവി യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയത്. കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും പശുവിന്റെ പേരിൽ മുസ്‌ലിംകളെ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്നാണ് അഭിമുഖത്തിൽ സായ് പല്ലവി ചോദിച്ചത്. അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. അടിച്ചമർത്തപ്പെടുന്നവർ സംരക്ഷിക്കപ്പെടണമെന്നും സായ് പല്ലവി പറഞ്ഞു.

'കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീർ ഫയൽസ് എന്ന സിനിമ കാണിച്ചത്. കുറച്ചുനാൾ മുൻപ് കോവിഡ് ലോക്ക്ഡൗൺ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‌ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മിൽ എവിടെയാണ് വ്യത്യാസമുള്ളത്'- സായ് പല്ലവി ചോദിച്ചു.

'എന്നെ സംബന്ധിച്ച് അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. ഒരു നിഷ്പക്ഷ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. അവർ എന്നെ ഒരു നല്ല മനുഷ്യനാകാനാണ് പഠിപ്പിച്ചത്. അടിച്ചമർത്തപ്പെടുന്നവർ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങൾക്ക് തോന്നില്ല'- സായ് പല്ലവി കൂട്ടിച്ചേർത്തു.

സായ് പല്ലവിയുടെ പരാമർശത്തിനെതിരെ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. താരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Summary: Complaint against actor Sai Pallavi over remarks on Kashmiri Pandit exodus

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News