Writer - രാഗേന്ദു പി.ആർ
Web Journalist
'രാമായണ'ത്തില്‍ അഭിനയിക്കുന്നതിനായി നടി സായ് പല്ലവി വെജിറ്റേറിയനായി മാറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജപ്പാന്‍ യാത്രയെ കുറിച്ചുള്ള സായ് പല്ലവിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജപ്പാന്‍ യാത്രയില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം ഭക്ഷണമായിരുന്നുവെന്ന് നടി പറയുന്നു.
'ഷൂട്ടിങ്ങിനായി ഒരു മാസം ജപ്പാനില്‍ പോയിരുന്നു. അവിടെ വെജിറ്റേറിയന്‍ ഭക്ഷണം ലഭ്യമല്ലായിരുന്നു. വെജ് എന്ന കരുതി കഴിച്ച ഭക്ഷണത്തില്‍ പോലും ചിക്കന്‍ ബ്രോത്ത് ഉണ്ടായിരുന്നു. അന്ന് ഞാന്‍ അത് കഴിച്ചു, കുഴപ്പമുണ്ടായിരുന്നില്ല.
എന്നാല്‍ എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു മൃഗത്തിന്റെ ജീവന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും, എവിടെ പോയാലും വെജിറ്റേറിയന്‍ ആയിരിക്കും. ജീവൻ പോയാലും മാംസം കഴിക്കില്ല,' സായ് പല്ലവിയുടെ വാക്കുകള്‍.
ഈ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ഇതിലൂടെ സായ് പല്ലവിയുടെ ഭക്ഷണരീതി അവരുടെ കാലങ്ങളായിട്ടുള്ള ശീലമാണെന്ന് വ്യക്തമാകുന്നു. സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാമായണ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ ശ്രീരാമനായി എത്തുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യഷുമെത്തുന്നു.
സിനിമയിലെ കഥാപാത്രത്തിനായി നോണ്‍ വെജ് ഭക്ഷണവും മദ്യവും ഒഴിവാക്കിയെന്നും യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കിയെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് സായ് പല്ലവിയുടെ ഭക്ഷണരീതിയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. സീതയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതിനെതിരെയും വിമര്‍ശനമുണ്ട്.
2026 നവംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ദസറ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.