100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിലാണ് തനിക്ക് തൃപ്തിയെന്ന് സോനു സൂദ്

കഴിഞ്ഞ കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വര്‍ഷവും അതിനൊട്ട് കുറവും സംഭവിച്ചിട്ടില്ല

Update: 2021-04-28 07:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

മികച്ച അഭിനേതാവ് എന്നതിലുപരി താന്‍ നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വര്‍ഷവും അതിനൊട്ട് കുറവും സംഭവിച്ചിട്ടില്ല. തന്‍റെ കഴിവിന്‍റെ പരമാവധി ആളുകളെ സഹായിക്കുകയാണ് താന്‍. 100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു സോനു ഇക്കാര്യം വ്യക്തമാക്കിയത്.

''അര്‍ദ്ധരാത്രി കുറച്ചു ആളുകള്‍ക്ക് ബെഡുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ചെയ്തു. ചിലര്‍ക്ക് ഓക്സിജന്‍ ക്രമീകരിച്ചു, അവരുടെ ജീവന്‍ രക്ഷിച്ചു. സത്യം പറഞ്ഞാല്‍ 100 കോടി സിനിമയുടെ ഭാഗമാകുന്നതിനെക്കാൾ ദശലക്ഷം മടങ്ങ് സംതൃപ്തമാണ് ഇത്തരം കാര്യങ്ങള്‍. കിടക്കകള്‍ക്കായി ആളുകള്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊരിക്കലും ഉറങ്ങാന്‍ കഴിയില്ല'' സോനു ട്വിറ്ററില്‍ കുറിച്ചു.

ഈയിടെ ഗുരുതരാവസ്ഥയിലായ ഭാരതി ഒരു കോവിഡ് രോഗിയെ നാഗ്പൂരില്‍ നിന്നും ഹൈദരാബാദിലെത്തിക്കാന്‍ സോനു എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കിക്കൊടുത്തിരുന്നു. കോവിഡ് മൂലം ശ്വാസകോശത്തിന്‍റെ 85-90 ശതമാനം നഷ്ടപ്പെട്ട ഭാരതിയെ സോനുവിന്‍റെ സഹായത്തോടെ നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സോനുവിനെയും കോവിഡ് ബാധിച്ചിരുന്നു. ഏപ്രില്‍ 17ന് കോവിഡ് സ്ഥിരീകരിച്ച താരം 23ന് നെഗറ്റീവ് ആവുകയും ചെയ്തു.

 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News