നടൻ വിജയുടെ ആഡംബര വാഹനങ്ങൾക്കെല്ലാം ഒരേയൊരു നമ്പർ ‘0277’; കാരണമിതാണ്
ആഡംബര കാറുകളോട് വിജയിന് ഒരു പ്രേത്യക ഇഷ്ടമുണ്ട്
Photo| Facebook
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദളപതി വിജയ്. തമിഴക വെട്രി കഴകം എന്ന പേരിൽ ആരംഭിച്ച പാര്‍ട്ടി സജീവമായി തന്നെ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമയിൽ നിന്ന് വിരമിക്കുകയാണെന്നും 'ജന നായകൻ' തന്‍റെ അവസാന ചിത്രമായിരിക്കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജീവിതത്തിൽ പുതിയൊരു പാതയിലേക്ക് കടക്കുമ്പോൾ, വിജയ് തന്‍റെ കാറുകൾ മുതൽ അടുത്തിടെ വാങ്ങിയ പ്രചാരണ ബസ് വരെ എല്ലാത്തിലും ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ആഡംബര കാറുകളോട് വിജയിന് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പഴയ റോൾസ് റോയ്‌സ് വിറ്റതിന് ശേഷം കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന് പുതിയ കാറുകൾ വാങ്ങിയിരുന്നു. ഇതിൽ ഒരു ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, ഒരു ലെക്‌സസ് എൽഎം കാർ, ടൊയോട്ടയുടെ ആഡംബര മോഡലായ വെയ്ൽ ഫയർ എന്നിവ ഉൾപ്പെടുന്നു.ഇത് മാത്രമല്ല, തമിഴ്‌നാട്ടിലുടനീളം രാഷ്ട്രീയ പ്രചാരണത്തിനായി അദ്ദേഹത്തിന് ഒരു പ്രത്യേക ബസുമുണ്ട്. ഈ വാഹനങ്ങൾക്കെല്ലാം പൊതുവായി ഒരു പ്രത്യേകതയുണ്ട്. കാരണം ഇവയ്ക്കെല്ലാം ‘0277’ എന്ന നമ്പറാണ്. TN 14 AH 0277 (BMW), TN 14 AL 0277 (Lexus), TN 14 AM 0277 (VVellfire), TN 14 AS 0277 (TVK പ്രചരണ ബസ്) എന്നിങ്ങനെയാണ് നമ്പറുകൾ. എന്നാൽ ഇതിന് പിന്നിൽ ഒരു ഹൃദയസ്പര്‍ശിയായ കാരണമുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ വിടപറഞ്ഞ വിജയുടെ ഇളയ സഹോദരിയായ വിദ്യയുടെ ജന്മദിനമാണ് 14-02-77 (ഫെബ്രുവരി 14, 1977). ഇതിലെ മാസവും വർഷവും ചേർത്താണ് വിജയ് എല്ലാ വാഹനങ്ങൾക്കും നമ്പർ നൽകിയത്. അവസാന നാല് അക്കങ്ങൾ വാഹനങ്ങൾക്ക് നൽകുന്നതോടെ സഹോദരി വിദ്യ തന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നാണ് താരം വിശ്വസിക്കുന്നത്.
രണ്ട് വയസുള്ളപ്പോഴാണ് വിദ്യ മരിക്കുന്നത്. ലുക്കീമിയയെ തുടര്‍ന്നായിരുന്നു മരണം. അന്ന് വിജയ്ക്ക് പത്ത് വയസായിരുന്നു. അതോടെ വിജയ് ഉൾവലിയാൻ തുടങ്ങി. അന്ന് വിജയ് നന്നായി ഗിത്താര്‍ വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. വിദ്യയുടെ മരണത്തോടെ എല്ലാം നിര്‍ത്തുകയായിരുന്നുവെന്ന് വിജയ് യുടെ അധ്യാപിക മീന ടീച്ചര്‍ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.