ഷാറൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ബംഗ്ലാവ് കാണാനുള്ള ആഗ്രഹം കൊണ്ടാണ് അതിക്രമിച്ചു കടന്നതെന്ന് പ്രതികള്‍ പറഞ്ഞു

Update: 2023-03-03 05:04 GMT

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താരത്തിന്റെ മുംബൈയിലെ ബംഗളാവായ 'മന്നത്തി'ലാണ് യുവാക്കൾ അതിക്രമിച്ച കയറാൻ ശ്രമിച്ചത്. ഗുജറാത്ത് സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്നാണ് ഇരുവരും കോമ്പൗണ്ടിൽ കടന്നത്. 20നും 22 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. 'മന്നത്ത്' ബംഗ്ലാവ് കാണാനുള്ള ആഗ്രഹം കൊണ്ടാണ് യുവാക്കൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. 

Advertising
Advertising

അതേസമയം ഏറെ വിവാദങ്ങൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ ഷാറൂഖ് ഖാന്‍ ചിത്രം പഠാന്‍ വൻ വിജയമാണ് നേടിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാൻ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവിൽ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.

ഹിന്ദി കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും പഠാൻ റിലീസിനെത്തിയിരുന്നു. റിലീസിന് മുമ്പേ തന്നെ വിവാദങ്ങളിൽ കുടുങ്ങിയ ചിത്രമായിരുന്നു പഠാൻ. ഗാനരംഗത്ത് ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളിൽ ചില സിനിമാ തിയേറ്ററുകൾ നശിപ്പിച്ചിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News