'ടൈറ്റിലിൽ ഡബ്ല്യു.സി.സിക്കു നന്ദി... രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണമതിന്': ഇന്ദുവിനെ അഭിനന്ദിച്ച് കെ.ആർ മീര

'മലയാള സിനിമയിൽ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും കഠിനാധ്വാനത്തിന്റെയും സഹനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്'

Update: 2022-07-25 05:01 GMT
Advertising

വിജയ് സേതുപതിയും നിത്യ മേനോനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന 19 (1) (എ) എന്ന മലയാള സിനിമയുടെ സംവിധായിക ഇന്ദു വി.എസിനെ അഭിനന്ദിച്ച് എഴുത്തുകാരി കെ.ആർ മീര. സ്ക്രീനിൽ രചന, സംവിധാനം ഇന്ദു വി.എസ് എന്നു വായിച്ചപ്പോൾ മനസ്സു നിറഞ്ഞു. സിനിമയുടെ ടൈറ്റിലിൽ ഡബ്ല്യു.സി.സിക്കു നന്ദി പ്രകാശിപ്പിച്ചതായി ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണ്. മലയാളത്തിൽ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം ഈ സാഹത്തിനെന്നും കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയാണ് ഡബ്ല്യു.സി.സി.

മലയാള സിനിമയിൽ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും കഠിനാധ്വാനത്തിന്റെയും സഹനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി, ഓർക്കാപ്പുറത്തു നെറ്റിയിൽ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തിൽ കഥ അവസാനിപ്പിക്കുന്നതിൽ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നുവെന്നും കെ.ആര്‍ മീര കുറിച്ചു.

ഇന്ദു വിഎസിന്റെ 19 (1) (എ) എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് ചിത്രം നിര്‍മിച്ചത്. ഇന്ദു സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് 19(1)(എ).

കുറിപ്പിന്‍റെ പൂര്‍ണരൂപം

സ്ക്രീനിൽ രചന, സംവിധാനം ഇന്ദു വി.എസ് എന്നു വായിച്ചപ്പോൾ മനസ്സു നിറഞ്ഞു.

മലയാള സിനിമയിൽ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും പ്രതിഭയുടെ മാത്രമല്ല, കഠിനാധ്വാനത്തിന്റെയും അപാരമായ സഹനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്.

ഈവിധം സ്ത്രീകൾ മലയാള സിനിമയ്ക്കു പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കാൻ ഈ ആയുസ്സിൽ അവസരമുണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. അവരുടെ ത്യാഗത്തിനും സഹനത്തിനും വാശിക്കും എത്ര നന്ദി പറഞ്ഞാലും അധികമല്ല.

19 (1) (a) കൃതഹസ്തയായ ഒരു സംവിധായികയുടെ ആദ്യ ചുവടുവയ്പാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി, ഓർക്കാപ്പുറത്തു നെറ്റിയിൽ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തിൽ കഥ അവസാനിപ്പിക്കുന്നതിൽ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നു.

സിനിമയുടെ ടൈറ്റിലിൽ ഡബ്ല്യു.സി.സിക്കു നന്ദി പ്രകാശിപ്പിച്ചതായി എന്റെ ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണ്. മലയാളത്തിൽ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം, ഇങ്ങനെയൊരു സാഹസത്തിന്.

പ്രീമിയർ കാണാൻ പ്രിയ എ.എസും കൂട്ടിനുണ്ടായിരുന്നു. ചിത്രത്തിൽ പ്രിയയും ഇന്ദു വി.എസും ഞാനും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News