'അതിഭീകരമായ വേദനയാണ്, എന്റെ സിനിമ കാണുന്നത് നിർത്തി എന്നൊക്കെ പറയുന്നു'; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നസ്‌ലിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ടെന്ന് ആരോപിച്ചാണ് യുവനടൻ നസ്‌ലിൻ കെ. ഗഫൂറിനെതിരെ സൈബർ ആക്രമണം നടക്കുന്നത്

Update: 2022-09-19 09:38 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടെന്ന് ആരോപിച്ച് നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് യുവതാരം നസ്‌ലിൻ കെ. ഗഫൂർ. എന്റെ പേര് ഉപയോഗിച്ച് ആരോ നിർമിച്ച വ്യാജ അക്കൗണ്ടിൽനിന്നാണ് കമന്റുണ്ടായതെന്നും ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ പഴിചാരുന്നത് ഭീകരമായ വേദനയുണ്ടാക്കുന്നതാണെന്നും നസ്‌ലിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. വ്യാജ അക്കൗണ്ടിനെതിരെ കാക്കനാട് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.

''ചില സുഹൃത്തുക്കൾ ഷെയർ ചെയ്താണ് കാര്യം അറിയുന്നത്. ഫേസ്ബുക്കിൽ ആരോ ഒരാൾ ഫെയ്ക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഒരു പോസ്റ്റിന് താഴെ പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്തിട്ടുണ്ട്. ഞാൻ തന്നെയാണ് ആ കമന്റ് ചെയ്തിരിക്കുന്നതെന്നാണ് ഒരുപാടുപേർ വിശ്വസിക്കുന്നത്. ഫേസ്ബുക്കിൽ എനിക്ക് സ്വന്തമായി അക്കൗണ്ടില്ല. അധികം ഫോളോവേഴ്‌സില്ലാത്ത ഒരു പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് വേറെ ആളുകളാണ്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല ഞാൻ.''നസ്‌ലിൻ പറഞ്ഞു.

എനിക്കെതിരെ ഇങ്ങനെയൊരു അപവാദം പുറത്തുനടക്കുന്നുണ്ടെന്ന് അറിയുന്നതിൽ അതിയായ ദുഃഖമുണ്ട്. എന്റെ ഐഡന്റിറ്റിയും പേരുമെല്ലാം ഉപയോഗിച്ച് എവിടെനിന്നോ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടി വരുന്നത് ഞാനാണെന്നത് വളരെ വേദന തരുന്ന കാര്യമാണ്. ഞാൻ അഭിനയിക്കുന്ന സിനിമ കാണില്ല, നിന്റെ സിനിമ കാണുന്നത് നിർത്തി എന്നൊക്കെപ്പറഞ്ഞ് കുറേ ആളുകൾ മെസേജ് അയക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

''ഞാൻ ചെയ്യാത്ത കാര്യമാണ്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്റെയും കുടുംബത്തിന്റെയും മേൽ പഴിചാരുന്നതിൽ എനിക്കുള്ള ദുഃഖം അതിഭീകരമാണ്. ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം. ഇത് എനിക്ക് എത്രമാത്രം വേദനയാണുണ്ടാക്കുന്നതെന്നെല്ലാം ആലോചിക്കണം. യൂട്യൂബിൽ ഏതോ ഒരു ചാനലും ഇതിനെ പിന്തുണച്ച് വിഡിയോ ഇട്ടിട്ടുണ്ട്, ഞാനാണ് ഇട്ടതെന്നു പറഞ്ഞ്. മുളച്ചുവരുന്നതല്ലേ, നീ ഇനിയും ലോകം കാണാൻ കിടക്കുന്നുണ്ടെന്നൊക്കെ പറഞ്ഞൊരു വിഡിയോ കണ്ടു. ഒരു വാർത്ത കിട്ടുമ്പോൾ ജെന്യൂനാണോ ഫെയ്ക്കാണോ എന്നെല്ലാം തിരിച്ചറിഞ്ഞ്, അറിയാൻ ശ്രമിച്ച ശേഷം ഇത്തരം പ്രചാരണം നടത്തുന്നതാകും നല്ലത്.''

താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തന്നെയും വീട്ടുകാരെയും മോശമായി പറയുന്നതു വളരെ വേദനയുണ്ടാക്കുന്നുണ്ടെന്നും നസ്‌ലിൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി തന്റെ കരിയറിനെ നശിപ്പിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് സൈബർ സെല്ലിൽ നൽകിയ പരാതിയിൽ താരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഫേസ്ബുക്കിൽ മീഡിയവൺ വാർത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ നസ്‌ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ കമന്റ് വന്നിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപക സൈബർ ആക്രമണം നടക്കുന്നത്. നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17ന് മീഡിയവൺ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്‌ലിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽനിന്ന് കമന്റ് വന്നത്.

ഏഴു പതിറ്റാണ്ടുകൾക്കുശേഷം രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ച സംഭവത്തെക്കുറിച്ചായിരുന്നു വാർത്ത. ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നുവിട്ടതും. ഇതുസംബന്ധിച്ച വാർത്തയുടെ പോസ്റ്റർ മീഡിയവൺ ഫേസ്ബുക് പേജിൽ പങ്കുവെച്ചതിന് പിന്നാലെ നസ്‌ലിൻ കെ. ഗഫൂർ എന്ന ഫേസ്ബുക് പേജ് 'ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു' എന്ന് കമന്റിട്ടു. കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ സംഘപരിവാർ അനുകൂലികളും മറ്റും നസ്‌ലിനെതിരെ വ്യാപകമായ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22,000ത്തിൽപ്പരം ഫോളോവേഴ്‌സുള്ള പേജിൽനിന്നാണ് കമന്റ് വന്നത്.

അതേസമയം, വിനീത് നായർ എന്ന പേരിലുള്ള ആളാണ് നസ്‌ലിന്റെ പേരിലുള്ള പേജ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പേജിന്റെ യു.ആർ.എൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. https://www.facebook.com/vineeth.nair55 എന്നാണ് ഫേസ്ബുക് പേജിന്റെ യു.ആർ.എൽ. അക്കൗണ്ട് നാമം പിന്നീട് നസ്‌ലിൻ കെ ഗഫൂർ എന്നാക്കുകയായിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News